കൊച്ചി: തൃശൂർ പൂരം തടസ്സപ്പെട്ട സംഭവത്തിൽ കൊച്ചി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തിയ റിപ്പോർട്ടാണ് നൽകിയത്. രാവിലെ 3ന് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് 7.15വരെ വൈകിയത് തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മർദ തന്ത്രമായി കാണേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കം നൽകിയ ഹർജിയിലെ എതിർ സത്യവാങ്മൂലത്തിലാണു മേയ് 21ലെ റിപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഷയം മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ബാഹ്യമായ ഇടപെടലുകളിലൂടെ പൂരം അലങ്കോലമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്ന സംശയം ഉയർന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി പൂരം നിർത്തിവയ്ക്കുന്നതിനു പ്രകോപിപ്പിക്കുന്ന തരത്തിലും തിരഞ്ഞെടുപ്പ് താൽപര്യങ്ങൾക്കു സഹായകരമാകുന്ന വിധത്തിലും ഇടപെടാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
















