കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവർത്തകൻ ദേവദാസ് തളാപ്പ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇരുവരിൽനിന്നും റിപ്പോർട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടർ അരുൺ കെ.വിജയന്റെ റിപ്പോർട്ടിൽ പറയുന്നു.
സാധാരണ ഇത്തരം ചടങ്ങുകളിൽ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല. എന്നാൽ ഈ ചടങ്ങ് കവർ ചെയ്യാൻ പ്രാദേശിക ചാനലിന്റെ വിഡിയോഗ്രഫറും റിപ്പോർട്ടറും വന്നു. എഡിഎമ്മിനെപ്പോലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന് നൽകുന്ന യാത്രയയപ്പായതിനാൽ ആരും സംശയിച്ചില്ല. താനൊരു വഴിപോക്കയാണെന്നും ഇങ്ങനെയൊരു പരിപാടി ഇവിടെ നടക്കുന്നെന്ന് അറിഞ്ഞാണു വന്നതെന്നുമുള്ള ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. പൊതുകാര്യങ്ങൾ പറഞ്ഞശേഷം പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നു. താൻ പലതവണ വിളിച്ചിട്ടും നടക്കാത്ത കാര്യം എഡിഎം സ്ഥലംമാറ്റം കിട്ടി പോകുന്നതിന് 2 ദിവസം മുൻപ് നടന്നതിൽ നന്ദിയുണ്ടെന്നും അതെങ്ങനെ ലഭിച്ചുവെന്ന് 2 ദിവസത്തിനകം നിങ്ങളെല്ലാം അറിയുമെന്നും പറഞ്ഞു.