World

ഗസ്സ സന്ദർശിച്ച് നെതന്യാഹു; ഹമാസ് വീണ്ടും ഗസ്സ ഭരിക്കില്ലെന്ന് പ്രതികരണം

തെൽ അവീവ്: ഹമാസ് വീണ്ടും ഗസ്സ ഭരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഗസ്സയിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒരിക്കൽ കൂടി നെതന്യാഹു നിരാകരിച്ചു.

ഇസ്രായേൽ ബന്ദികളെ തിരിച്ചെത്തിക്കുന്ന ഗസ്സക്കാർക്ക് വൻ പാരിതോഷികം നൽകുമെന്ന നിലപാട് നെതന്യാഹു ആവർത്തിച്ചു. ഒരു ബന്ദിയെ തിരിച്ചെത്തിക്കുന്നവർക്ക് അഞ്ച് മില്യൺ ഡോളർ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി. വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ സന്ദർശനം.

നെതന്യാഹുവിന്റെ സന്ദർശനത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധസേന ഗസ്സയിൽമികച്ച നേട്ടമുണ്ടാക്കി. ഹമാസ് വീണ്ടും ഗസ്സയിൽ അധികാരത്തിലെത്തില്ലെന്ന് ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞുവെന്ന് നെതന്യാഹു പറഞ്ഞു. ബന്ദികളെ കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജബലിയയിലെ അൽ-ബലാദിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.