മഹാരാഷ്ട്രയിൽ വോട്ടിന് പ്രതിഫലമായി പണം നൽകി ബിജെപി നേതാവ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെക്കെതിരെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. വിരാരിലെ സ്റ്റാർ ഹോട്ടലിൽവെച്ച് താവ്‌ഡെ പണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ബിവിഎ പ്രവർത്തകർ പുറത്തുവിട്ടു.
വോട്ടർമാർക്ക് കൊടുക്കാനായി താവ്‌ഡെ അഞ്ച് കോടി രൂപ കൊണ്ടുവന്നതായി ബിവിഎ നേതാവ് ഹിതേന്ദ്ര ഠാക്കൂർ ആരോപിച്ചു. താവ്‌ഡെ പണം കൊണ്ടുവരുന്നതിനെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും അതുകൊണ്ട് ശ്രദ്ധിക്കണമെന്ന് താൻ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഹിതേന്ദ്ര ഠാക്കൂർ പറഞ്ഞു.
താവ്‌ഡെ ഹോട്ടലിലുണ്ടെന്ന വിവരമറിഞ്ഞ് ബിവിഎ പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ബിവിഎ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതായാണ് വിവരം. പിന്നീട് പൊലീസെത്തിയാണ് താവ്‌ഡെയെ ഹോട്ടലിൽനിന്ന് മാറ്റിയത്.