ഒരിക്കല്‍ കള്ളത്തരം ചെയ്താല്‍ പിന്നീട് എത്ര സത്യം പറഞ്ഞാലും അതെല്ലാം കള്ളമാണെന്ന് ആരോപിക്കുന്ന ഒരു ആചാരം പണ്ടു മുതലേ കേരളത്തിലുണ്ട്. അങ്ങനെയാണ് ആത്മകഥാ വിവാദം വന്നപ്പോഴും ഇ.പി. ജയരാജനെന്ന കമ്യൂണിസ്റ്റുകാരനുണ്ടായ അനുഭവം. മര്യാദയ്ക്ക് ഒരു കട്ടന്‍ചായപോലും ചൂടാറ്റി കുടിക്കാന്‍ അനുവദിക്കാതെ പാര്‍ട്ടിയും മാധ്യമങ്ങളും ജനവും അദ്ദേഹത്തെ പച്ചക്കു ക്രൂശിച്ചു. ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടു എന്ന സത്യം പറഞ്ഞതോടെയാണ് ഇ.പി പാര്‍ട്ടിക്കാര്‍ക്കു മുമ്പില്‍ കള്ളനായത്. പിന്നീട് ഇങ്ങോട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ഇ.പിയുടെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നു. ഇ.പി നല്ലതിനു വേണ്ടി ചെയ്തതെല്ലാം തിരിഞ്ഞു കുത്തുകയും ചെയ്തു.
പിണറായി വിജയനെ ഫ്‌ളൈറ്റില്‍ വെച്ച് ഖരാവോ ചെയ്യാന്‍ ശ്രമിച്ചവരെ കൈകാര്യം ചെയ്തതു പോലും ഇ.പിക്കാണ് ദോഷം ചെയ്തത്. അങ്ങനെ മെസ്സിയെ മേഴ്‌സിയാക്കിയതു വരെ ആ ആരോപണങ്ങള്‍ നീണ്ടും. ഏറ്റവും ഒടുവിലാണ് ഇ.പിയുടെ ആത്മകഥയെന്ന പേരില്‍ ഡി.സി ബുക്‌സ് പ്രചാരണതതന്ത്രമെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇടിവെച്ചിയവനെ പാമ്പു കടിച്ചതു പോലെ ആയ ഇപി ജയരാജന്‍ ആത്മകഥയെ തള്ളിപ്പറയേണ്ട ഗതികേടിലായി. എന്റെ ആത്മകഥ ഇങ്ങനെയല്ലെന്നും, അത് എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇ.പി ആണയിട്ടു പറഞ്ഞു. എന്നിട്ടും, പാര്‍ട്ടിയോ, മാധ്യമങ്ങളോ ഇ.പിയെ വിട്ടില്ല.
ഡി.സി ബുക്‌സിന്റെയും ഇ.പിയുടെയും വിശ്വാസ്യതയാണ് പിന്നീട് അളന്നത്. അവിടെ ഡി.സി ഒരുപണത്തൂക്കം മുമ്പിലെത്തുകയും ചെയ്തതോടെ, കള്ളന്‍ ഇപിയായി. സാഹചര്യത്തെളിവുകളും ഇ.പിക്ക് എതിരായിരുന്നു. നിരവധി വിഷയങ്ങളാല്‍ മുള്‍കിരീടമണിഞ്ഞായിരുന്നു ഇ.പി നിന്നിരുന്നത്. ഇനി കുരിശേറ്റം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഇ.പിയെ ക്രൂശിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഇപി പഞ്ചപാവമാണെന്നാണ് പോലീസ് പറയുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡി.സി. ബുക്സുമായി ഇ.പി ജയരാജന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
അന്വേഷണത്തില്‍ രവി ഡി.സിയുടേത് ഉള്‍തുള്‍പ്പെടെ രണ്ട് സുപ്രധാന മൊഴികള്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. എങ്ങനെയാണ് ആത്മകഥ ഡിസിയ്ക്ക് കിട്ടിയതെന്നും കണ്ടെത്തും. കട്ടണ്‍ ചായയും പരിപ്പുവടയും കമ്യൂണിസ്റ്റുകാരന്റെ ജീവിതമെന്ന ആത്മകഥ ഇനി ഡിസി പ്രസിദ്ധീകരിക്കാനും സാധ്യതയില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ വളഞ്ഞിട്ടാക്രമിക്കപ്പെടുന്ന ഘട്ടത്തില്‍, അയാളെ ഇമോഷണലി ബ്ലാക്ക്‌മെയില്‍ ചെയ്ത് പാര്‍ട്ടിക്കെതിരേയുള്ള കഥകള്‍ പ്രസിദ്ധീകരിക്കാനുള്ള തന്ത്രമായിരുന്നോ ഡി.സി നടത്തിയത്, എന്നാണറിയേണ്ടത്. അതിനായി ഡി.സി. ബുക്സിലെ ഏതാനും ജീവനക്കാരില്‍ നിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസങ്ങളില്‍ മൊഴിയെടുത്തിരുന്നു.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതോ, പുറത്തായതോ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ജീവനക്കാരുടെ മൊഴി. ആത്മകഥ പുറത്തായതോടെ ഇ.പി. ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജീല്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദാണ് അന്വേഷണം നടത്തിയത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാറില്ലെങ്കില്‍ ഇപിയുടെ വാദങ്ങള്‍ കേരളം വിശ്വസിക്കേണ്ടി വരും. അതിനിടെ വിഷയം കേസിലേക്ക് പോകാതെ പരിഹരിക്കാന്‍ ഡിസിയും ശ്രമം ആരംഭിച്ചിട്ടുണ്ട്.
അപ്പോഴും മറനീക്കി പുറത്തു വരാനുള്ള കുറേ സംശയങ്ങള്‍ രൂഢമൂലമായി കിടക്കുകയാണ്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ സി.പി.എമ്മിലെ തലമുതിര്‍ന്ന നേതാവാണ് ഇ.പി. ജയരാജന്‍. അദ്ദേഹത്തിന്റെ ആത്മകഥ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാന്‍ ഡി.സി എന്ന വലിയ സ്ഥാപനം തയ്യാറാകുമോ. പ്രസിദ്ധീകരണം വരെ ഇപി അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍, അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. ആത്മകഥയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ ഇപി പറയാതെ എങ്ങനെയാണ് ഡി.സി അറിയുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. ഇതെല്ലാം തെളിയേണ്ടതുണ്ട്.
ഇ.പി.യുടെ പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് പറയുന്നു. അതിന് ശേഷം ഇപിയുടെ കൂടെ അഭിപ്രായം തേടിയിട്ടേ FIR രജിസ്റ്റര്‍ ചെയ്യൂ. ദേശാഭിമാനിയിലെ കണ്ണൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍ നിന്നാണ് ആത്മകഥ ചോര്‍ന്നതെന്ന സംശയമുണ്ട്. ഇതിലും പോലീസ് വ്യക്തത വരുത്തും. പുസ്തകത്തിന്റെ 178 പേജുകളുടെ പി.ഡി.എഫ്. ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം.
അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ചോര്‍ന്നതിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തും. മാധ്യമപ്രവര്‍ത്തകരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പി.ഡി.എഫ്. ആര്‍ക്കൊക്കെ എവിടെ നിന്ന് ലഭിച്ചു എന്നുള്ളത് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇ.പി. ജയരാജന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മൊഴി നല്‍കാനായി ഇ.പി. ജയരാജന്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. വിവാദത്തിനു പിന്നാലെ ഇ.പി. ജയരാജന്‍ ഡി.സി. ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്റെ കക്ഷിയെ തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി. ബുക്സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. ഡി.സി. ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്നും ആവശ്യമുണ്ട്. ചേലക്കര, വയനാട് വോട്ടെടുപ്പ് ദിവസമായിരുന്നു ഡി.സി ബുക്‌സിന്റെ ഫേസ്ബുക്ക് പേജില്‍ ഇ.പിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത വന്നത്. എന്നാല്‍, പിന്നീട് അത് വലിയ വിവാദങ്ങളിലേക്ക് പോവുകയും ചെയ്തു. ഇ.പി കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തു.
തുടര്‍ന്ന് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലില്‍ ഇ.പി ജയരാജന്‍ പാലക്കാട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് പി. സരിനെ കുറിച്ച് നല്ലകാര്യങ്ങള്‍ മാത്രം പറഞ്ഞു. ആത്മകതില്‍ മരുകണ്ടം ചാടിയെന്ന പരാമര്‍ശം നടത്തിയെങ്കില്‍ പാലക്കാട് നടന്ന പൊതു സമ്മേളനത്തില്‍ നല്ലകുട്ടിയെന്ന് പറഞ്ഞത് എന്തിനായിരുന്നുവെന്നതും സംശയമായി. എന്നാല്‍, വക്കീല്‍നോട്ടീസ് കൈപ്പറ്റിയിട്ടും, ഡി.സി ഇതുവരെ മാപ്പ് പറയുകയോ, പോസ്റ്റ് പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് കൗതുകം. ഇ.പിയോട് പോരടിക്കാന്‍ ഡി.സി ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആത്മകഥ പ്രസിദ്ധീകരിക്കുന്നത് തത്ക്കാലം തടഞ്ഞിട്ടുണ്ട്.
CONTENT HIGHLIGHTS; Autobiography Controversy: Poor EP Jayarajan, Did Ravi DC Say It?; Pauline discovers that there is no contract to write the story