സന്ദീപ് വാര്യർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത് ഇലക്ഷന് വേണ്ടി അല്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ എം എം ഹസൻ. സന്ദീപിന്റെ സന്ദർശനത്തിൽ പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്ക് നേരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പാണക്കാട് തങ്ങളെ സന്ദീപ് കണ്ടത് വർഗീയവൽക്കരിച്ച മുഖ്യമന്ത്രി എത്ര തവണ സമുദായ നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ജമാ അത്തെ ഇസ്ലാമി, പിഡിപി എന്നിവരുമായി സഖ്യം ഉണ്ടാക്കിയത് പിണറായി ആണ്. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബിജെപിയെ സുഖിപ്പിച്ച് എൽഡിഎഫിന് വോട്ട് നേടാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നും എം എം ഹസൻ ആരോപിച്ചു. എൽഡിഎഫിന്റെ പത്രപരസ്യ വിവാദത്തിലും ഹസൻ ആഞ്ഞടിക്കുകയുണ്ടായി. ചിലവ് കുറഞ്ഞ പത്രങ്ങളായത് കൊണ്ടാണ് പരസ്യം നൽകിയതെന്ന് പറയുന്ന സിപിഐഎം എന്തുകൊണ്ട് ദേശാഭിമാനിയിൽ നൽകിയില്ല. ഒരു സ്ഥാനാർത്ഥിയുടെ പരസ്യം സന്ദീപ് വാര്യർ മുസ്ലിം സമുദായത്തിന് എതിരെ പറഞ്ഞതിന് മറുപടി ആയല്ല കൊടുക്കേണ്ടത്. പാഷാണം വർക്കിയുടെ സ്വഭാവം ആണ് മുഖ്യമന്ത്രി കാണിക്കുന്നത്. സിപിഐഎം അധഃപതിച്ചു പോയെന്നും ഹസൻ വിമർശനം ഉന്നയിച്ചു. പാലക്കാട് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചുകൊണ്ടിരിക്കുകയാണെന്നും പോളിങ് ശതമാനം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.