എൽഡിഎഫിന്റെ വിവാദ പത്രപരസ്യം ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഒരാൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയതിന് സിപിഎം എന്തിനാണ് ഇങ്ങനെ കരയുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. സന്ദീപ് വാര്യർക്കെതിരെ സിറാജ്, സുപ്രഭാതം ദിനപത്രങ്ങളിൽ മാത്രമാണ് പരസ്യം വന്നത്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് വർഗീയ ഉദ്ദേശത്തോടെ ആണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോ എന്നാണ് സിപിഎം നോക്കുന്നത്. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളും ഇതേ ലക്ഷ്യം വച്ചാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിമർശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങൾ ശക്തമായി മുന്നോട്ട് പോകും. മുനമ്പം ഒത്തുതീർപ്പു ചർച്ചക്ക് തെരെഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.