Kerala

ലോകമത്സ്യത്തൊഴിലാളി ദിനാചരണവും കടലവകാശപ്രഖ്യാപനവും

ആഗോളതലത്തിൽ നവംബർ 21 ലോകമത്സ്യത്തൊഴിലാളി ദിനമായി ഓർമ്മിക്കപ്പെടുകയാണ്. കടലിലേക്കും കടലിടങ്ങളിലേക്കും കടൽ വിഭവങ്ങളിലേക്കുമുള്ള കടന്നുകയറ്റം ആഗോള മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ നഷ്ടപ്പെടുന്ന കടലിനെയും കടൽവിഭവങ്ങളെയും തിരിച്ചുപിടിക്കുക എന്ന പരമ്പരാഗത- തദ്ധേശീയ കടൽസമൂഹങ്ങൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ ഉയർത്തി പിടിച്ചുകൊണ്ട് ഞങ്ങൾ ലോകമത്സ്യത്തൊഴിലാളി‌ ദിനാചരണം സംഘടിപ്പിക്കുകയാണ്‌.

കടലിലും കടൽവിഭവങ്ങളിലുമുള്ള തദ്ദേശീയ കടൽസമൂഹങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കുക എന്നത് പ്രത്യേക പോരാട്ടമാകുന്ന ഈ പുതിയകാല സാഹചര്യത്തിൽ തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറവും മത്സ്യത്തൊഴിലാളി യൂണിയനായ കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ‌സംയുക്തമായി 2024 നവംബർ 21 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് പുതിയതുറ കടപ്പുറത്ത് മത്സ്യത്തൊഴിലാളിദിനാചരണം സംഘടിപ്പിക്കുകയും കടലവകാശപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.

അന്നേദിവസം മുതിർന്ന ചേലാളിമാരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ചേലാളിക്കൂട്ടം’, കടൽക്കൂടം, കടലെഴുത്തുകാർ പങ്കെടുക്കുന്ന ‘കട്ടമരക്കവിയരങ്ങ്’, കടലടിത്തട്ടിനെക്കുറിച്ചുള്ള ഫോട്ടോ, വീഡിയോ പ്രദർശനം, തീരദേശമേഖലയുടെ പെൺ പോരാളികളുടെ സമരപോരാട്ടങ്ങളുടെ കഥപറയുന്ന ‘സമരകഥ’, വനിതാ മത്സ്യത്തൊഴിലാളി സംഗമം, കടലവകാശ പ്രഖ്യാപനം, കടൽ സിനിമാ പ്രദർശനം തുടങ്ങിയ പരിപാടികൾ പുതിയതുറ കടപ്പുറത്തുവച്ച് ഞങ്ങൾ സംഘടിപ്പിക്കുന്നു.

ഈ പരിപാടിയിലൂടെ കടലും കടൽ വിഭവങ്ങളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ മൗലീകാവകാശമാണ് എന്ന തത്വത്തെ‌ ഞങ്ങൾ സ്ഥാപിച്ചുവയ്ക്കുകയാണ്. കടലിനേയും കടൽവിഭങ്ങളെയും കടലോരസമൂഹങ്ങളെയും ചൂഷണത്തിനു വിധേയമാക്കിക്കൊണ്ടുള്ള എല്ലാതരത്തിലുമുള്ള കടന്നുകയറ്റങ്ങൾക്കുമെതിരെ കടലോര സമൂഹങ്ങളിലെ പുതിയതലമുറ നിലച്ചുപോകാത്ത‌ ചെറുത്തുനില്പുകൾക്ക് ചുക്കാൻ പിടിക്കുമെന്ന് ഇതിലൂടെ ഞങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നു. കടലിന്റെയും കടൽ മനുഷ്യരുടെയും സർവ്വതോന്മുഖമായ അതിജീവനപോരാട്ടങ്ങളോട് ഐക്യപ്പെടുന്ന എല്ലാ മനുഷ്യരെയും പുതിയതുറ കടപ്പുറത്തേക്ക് സ്വാഗതം‌ ചെയ്യുന്നു.

CONTENT HIGHLIGHTS; World Fishermen’s Day and Declaration on the Rights of the Sea