tips

തുളസിച്ചെടി വീട്ടില്‍ എവിടെ നടുന്നതാണ് ഉത്തമം…

തുളസിച്ചെടി ഇല്ലാത്ത വീടുകള്‍ കുറവാണ്. എന്നാല്‍ ഇത് എവിടെ നടുന്നതാണ് ഉത്തമം എന്ന് അറിയുന്നവര്‍ ചുരുക്കമാണ്. തുളസി കിഴക്ക് ദിക്കില്‍ വയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ഇത് പൊസറ്റീവിറ്റി നല്‍കുന്നുവെന്ന് മാത്രമല്ല, സസ്യത്തിന്റെ വളര്‍ച്ചയ്ക്കും സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ഇതേറെ നല്ലതാണ്. ഇതല്ലെങ്കില്‍ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിക്കില്‍ വയ്ക്കുന്നതും നല്ലതാണ്. ഇത് ഐശ്വര്യത്തിനും പൊസറ്റീവ് ഊര്‍ജത്തിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

തുളസി തെക്കു ദിശയില്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. വാസ്തു പ്രകാരം തുളസി വീടുകളില്‍ ഒറ്റ അക്കത്തിലായിരിയ്ക്കും വേണ്ടത്. അതായത് 1, 3, 5 എന്ന കണക്കില്‍. ഇരട്ട അക്കത്തില്‍ വരുന്ന വിധത്തില്‍ തുളസി നടരുത് എന്ന് വാസ്തു പറയുന്നു. പുതിയ തുളസിച്ചെടികള്‍ ധാരാളം മുളച്ച് വരുന്നതല്ല, നാം നടുന്നതിന്റെ കാര്യമാണിത്.

ഹിന്ദു മിത്തോളജി പ്രകാരം ഏറെ പ്രാധാന്യം കല്‍പ്പിയ്ക്കപ്പെടുന്ന ഒന്നാണ് തുളസി. ഇത് നെഗറ്റീവ് ഊര്‍ജം അകറ്റാനും ചുറ്റുപാട് ശുദ്ധമാക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. പല രോഗങ്ങളും അകറ്റാന്‍ ഏറെ ഗുണകരമാണ് ഇത്. ആന്റി മൈക്രോബിയല്‍, ആന്റിഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ് തുളസി. ഇതിനാല്‍ രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ചുറ്റുമുള്ള ദോഷകരമായ വായുവിനെ വലിച്ചെടുത്ത് ശുദ്ധവായു നല്‍കാന്‍ സാധിയ്ക്കുന്ന ഒരു സസ്യം കൂടിയാണ് തുളസി..

തുളസിച്ചെടിയെ വൃത്തിയോടെയും ശ്രദ്ധയോടെയും പരിപാലിയ്ക്കണം. ഇത് ഉണങ്ങാതെ സൂക്ഷിയ്ക്കുക. ഉണങ്ങിയാല്‍ ഇത് പറിച്ചു കളയുക. ഉണങ്ങിയ സസ്യം വീട്ടില്‍ നിര്‍ത്തരുത്. തുളസി വളരാന്‍ ദിവസവും 4-6 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമായി വരുന്നു. ഇതുപോലെ ആവശ്യത്തിന് വെള്ളവും. കൂടുതല്‍ വെള്ളമൊഴിച്ചാല്‍ ഇത് ചെടി ചീഞ്ഞു പോകുന്നതിന് കാരണമാകും.