70 കോടി വർഷം മുൻപ് ഒരു വെളുത്ത പന്തുപോലെ ഐസ് നിറഞ്ഞ ഒരു ഗോളമായി ഭൂമി മാറിയെന്നുള്ള സ്നോബോൾ എർത്ത് സിദ്ധാന്തത്തിനു ശക്തമായ തെളിവ് കണ്ടെത്തി ശാസ്ത്രജ്ഞര്‍. കൊളറാഡോ യൂണിവേഴ്സിറ്റി ബൗൾഡർ സർവകലാശാലയിലെ ഗവേഷകരാണ് കൊളറാഡോയിലെ റോക്കി മലനിരകളിൽ നിന്നും ഇതിനുള്ള തെളിവ് ശേഖരിച്ചത്. കൊളറാഡോയിലെ പൈക്സ് കൊടുമുടിയെ രൂപപ്പെടുത്തിയ പെബ്ലി സാൻഡ്സ്റ്റോണുകളിലെ ഘടനാവ്യത്യാസങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്. സ്‌നോബോൾ എർത്ത് എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ തെളിവുകൾ ഇന്നും ഭൂമിക്കടിയിലുണ്ടെന്ന് ഗവേഷകർ മുൻപ് പറഞ്ഞിരുന്നു.
70 കോടി വർഷം മുൻപ് സംഭവിച്ച ഈ വമ്പൻ ഹിമയുഗം ഏകദേശം 6 കോടി വർഷങ്ങളോളം നീണ്ടുനിന്നു. ദിനോസറുകളൊക്കെ ഭൂമിയിൽ വിഹരിക്കുന്നതിനു വളരെക്കാലം മുൻപ് തന്നെ ഇതവസാനിച്ചു. ഈ ഹിമയുഗം തുടങ്ങിയപ്പോഴോ അല്ലെങ്കിൽ നടമാടിയ സമയത്തോ ബഹുകോശജീവികളോ സസ്യജാലങ്ങളോ ഭൂമിയിൽ അത്ര വ്യാപകമായിരുന്നില്ല. അക്കാലത്ത് അന്തരീക്ഷ കാർബൺ ഡയോക്‌സൈഡിന്‌റെ ചംക്രമണം അഗ്നിപർവതങ്ങളും പാറകളുമാണ് നിയന്ത്രിച്ചിരുന്നത്. അക്കാലത്ത് ഭൗമപ്ലേറ്റുകളിൽ ഘടനാപരമായ പുനക്രമീകരണം നടന്നു.
ഇതു മൂലം അഗ്നിപർവതങ്ങളിൽ നിന്ന് കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതു കുറഞ്ഞു. ഇപ്പോഴത്തെ കാനഡ സ്ഥിതി ചെയ്യുന്ന മേഖലയിലെ പാറക്കെട്ടുകളിലും പർവതങ്ങളിലും വലിയ തോതിൽ ശോഷണം ഉണ്ടാകുകയും ചെയ്തു. ഈ ശോഷണ പ്രക്രിയ കാർബൺ ഡയോക്‌സൈഡിനെ വലിച്ചെടുക്കുകയും ചെയ്തു. ഈ രണ്ട് പ്രവർത്തനങ്ങളുടെ ഫലമായി ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു . തുടർന്നാണ് ഭൂമിയൊരു ഹിമഗോളമായി മാറിയത്.
STORY HIGHLLIGHTS : snowball-earth-evidence-rocky-mountains