ശരീരത്തിൽ വലുതോ ചെറുതോ ആയ ഏതു രീതിയിൽ പൊള്ളലേറ്റാലും ആദ്യം തന്നെ സ്വയം ചികിത്സിക്കുന്നവരാണ് നമ്മൾ. പലപ്പോഴും സ്വയം ചികിത്സ കഴിഞ്ഞ് മാത്രമേ ആരോഗ്യവിദഗ്ധരുടെ സഹായം തേടാറുള്ളൂ. സ്വയം ചികിത്സിക്കുമ്പോൾ ചെയ്യുന്ന പലകാര്യങ്ങളും ഗുണം ചെയ്യില്ല എന്ന് മാത്രമല്ല പകരം അത് ദോഷമായി മാറുകയും ചെയ്യും. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ്, തേൻ, കാപ്പിപ്പൊടി എന്നിവയൊക്കെ പലരും പുരട്ടാറുണ്ട്. ഇതിന് പുറമെ ഐസ് വക്കുന്ന രീതിയും കാണാം. എന്നാൽ ഇവയെല്ലാം ദോഷം മാത്രമേ ഉണ്ടാക്കൂ എന്നതാണ് സത്യം. പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇവയുടെ ഉപയോഗം കാരണമാകും. പേസ്റ്റ് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ്. പേസ്റ്റിലെ രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്. പൊള്ളലേറ്റ ഭാഗത്ത് കുമിളയായി പൊങ്ങി വരുന്നത് പൊട്ടിക്കരുത്. ഇത് പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. ഡോക്ടറുടെ അടുത്ത് എത്തുന്നത് വരെ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടി സുരക്ഷിതമാക്കി വെക്കുന്നതാണ് നല്ലത്.
പൊള്ളലേൽക്കുകയാണെങ്കിൽ വെള്ളം ഒഴിച്ചോ തുണികൊണ്ടു മൂടിയോ തീ കെടുത്താൻ ശ്രമിക്കുക. പൊള്ളലേറ്റ് തുണികളും മറ്റും ആഴത്തിൽ കരിഞ്ഞ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ സ്വയം വലിച്ചുമാറ്റാൻ ശ്രമിക്കാതെ ആരോഗ്യവിദഗ്ധരുടെ സഹായം തേടുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ. പൊള്ളലുണ്ടായി ദിവസങ്ങൾക്കുള്ളിൽ പനി വരുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. അണുബാധയുടെ ലക്ഷണമാകാം.