Tech

വാഹനങ്ങളിൽ സണ്‍ റൂഫ് നല്ലതാണോ; അറിയണം ഇക്കാര്യങ്ങൾ | sunroof-problems-buyers-guide

ഇന്ത്യക്കാരുടെ സണ്‍ റൂഫ് പ്രേമം തിരിച്ചറിഞ്ഞുകൊണ്ട് നിരവധി കമ്പനികള്‍ ഈ ഫീച്ചര്‍ കാറുകളിലെത്തിക്കുന്നുമുണ്ട്

കാറുകളിലെ ഇന്ത്യക്കാരുടെ ജനപ്രിയ ഫീച്ചര്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ മുന്നിലുണ്ട് സണ്‍ റൂഫ്. ഇന്ത്യക്കാരുടെ സണ്‍ റൂഫ് പ്രേമം തിരിച്ചറിഞ്ഞുകൊണ്ട് നിരവധി കമ്പനികള്‍ ഈ ഫീച്ചര്‍ കാറുകളിലെത്തിക്കുന്നുമുണ്ട്. ഒരുകാലത്ത് ആഡംബര ഫീച്ചറായിരുന്ന സണ്‍റൂഫ് ഇന്ന് പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള നിരവധി കാറുകളിലും ലഭ്യമാണ്. നിരവധി പേരെ ആകര്‍ഷിക്കുന്ന ഫീച്ചറാണെങ്കിലും ചിലര്‍ക്കെങ്കിലും പണി തന്നിട്ടുള്ള ഫീച്ചര്‍ കൂടിയാണ് സണ്‍ റൂഫ്. എങ്ങനെയാണ് സണ്‍ റൂഫ് വഴി പണി വരുന്നതെന്നു നോക്കാം.

സണ്‍റൂഫുള്ള കാറുടമകളുടെ എക്കാലത്തേയും വലിയ പേടി സ്വപ്‌നമാണ് ചോരുന്ന സണ്‍റൂഫ്. മഴയത്ത് വെള്ളം കാറിനുള്ളിലേക്കു വന്നാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. സണ്‍ റൂഫിനു ചുറ്റുമായുള്ള റബര്‍ സീലിലെ പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു പണി തരാറ്. വെള്ളച്ചാട്ടത്തിന് അടിയിലൂടെ സണ്‍റൂഫുള്ള കാറും കൊണ്ട് പോയി ഇതുപോലുള്ള പ്രശ്‌നം സംഭവിച്ച സംഭവങ്ങലുണ്ട്. എല്ലാ കാറുകളിലും ഇങ്ങനെ പ്രശ്‌നമുണ്ടാവാറില്ലെങ്കിലും ഒഴിവാക്കാനാവാത്ത പ്രശ്‌നമാണ് സണ്‍റൂഫ് ചോര്‍ച്ച.

ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍

സണ്‍റൂഫ് കാറുകളിലെ മറ്റൊരു പ്രശ്‌നമാണ് ഇലക്ട്രിക്കല്‍. തുറന്ന ശേഷം അടക്കാന്‍ സാധിക്കാത്ത സണ്‍ റൂഫ് എത്രവലിയ പ്രശ്‌നമാവുമെന്ന് ചിന്തിച്ചുനോക്കൂ. അങ്ങനെയും പലപ്പോഴും സംഭവിക്കാറുണ്ട്. മോട്ടോറിന്റെ പ്രശ്‌നങ്ങളും ലൂബ്രിക്കേഷന്‍ പ്രശ്‌നങ്ങളും ഇതിലേക്കു നയിച്ചേക്കാം. ഇടവേളകളില്‍ മെക്കാനിക്കല്‍ പരിശോധന നടത്തുകയാണ് ഇങ്ങനെയൊരു പ്രശ്‌നം ഒഴിവാക്കാനുള്ള മാര്‍ഗം. ഇത്തരം പ്രശ്‌നം വന്നാലും വളരെ വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്.

സണ്‍റൂഫ് ഗ്ലാസ് പൊട്ടിയാലോ

സണ്‍റൂഫിന്റെ ചില്ല് പൊട്ടിപ്പോവുന്നതാണ് മറ്റൊരു പ്രശ്‌നം. കട്ടിയേറിയ ചില്ലുകൊണ്ട് നിര്‍മിച്ചവയാണെങ്കിലും ഇവ ഒരിക്കലും പൊട്ടില്ലെന്ന് ഉറപ്പിക്കാനാവില്ല. സണ്‍റൂഫില്‍ ചെറിയൊരു പൊട്ടലുണ്ടെങ്കില്‍ പോലും അത് ഭാവിയില്‍ പ്രശ്‌നമുണ്ടാക്കിയേക്കാം. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫ് പൊട്ടി വീണാല്‍ അത് അപകടത്തിനും കാരണമായേക്കാം.

ചെലവു കൂട്ടുന്ന ജനപ്രീതി

സണ്‍റൂഫ് എന്ന ഫീച്ചറിനോടുള്ള വന്‍ ജനപ്രീതി തന്നെയാണ് കാര്‍ നിര്‍മാതാക്കളെ സണ്‍റൂഫ് കാറുകള്‍ കൂടുതലായി ഇറക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തി സണ്‍റൂഫ് ഘടിപ്പിക്കണമെങ്കില്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് അധിക ചിലവു വരും. ഇന്ത്യയെ പോലുള്ള ചൂടും പൊടിയുമുള്ള നാടുകളില്‍ സണ്‍റൂഫ് ഒരു അനാവശ്യ ഫീച്ചറാണെന്നതാണ് വസ്തുത. വളരെ കുറഞ്ഞ സമയത്തേക്കു മാത്രം ഉപയോഗിക്കാനാവുന്ന ഈ ഫീച്ചറിനായി ചെറുതല്ലാത്ത തുക ചിലവാക്കേണ്ടിയും വരും. കാറിനുള്ളില്‍ കൂടുതല്‍ വെളിച്ചവും വിശാലതയും അനുഭവിപ്പിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് സണ്‍റൂഫ്. എന്നാല്‍ അതുപോലെ തന്നെ കുറവുകളും സണ്‍റൂഫിനുണ്ട്. സണ്‍റൂഫിന്റെ പരിമിതികള്‍ കൂടി ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമല്ലോ. സണ്‍റൂഫുള്ള കാറെടുക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് മുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം ഉചിതമായ തീരുമാനമെടുക്കുക.

STORY HIGHLLIGHTS : sunroof-problems-buyers-guide