Travel

കേരളത്തിലെ ത്രിവേണി സംഗമം; ഒരു നദി ഒഴുകിയെത്തുന്നത് ക്ഷേത്രത്തിന് അടിയിലൂടെ! | triveni-sangamam-in-kasarkodu-kerala

പ്രകൃതി ഒരുക്കിയ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കണമെങ്കിൽ മഹാലക്ഷ്മിപുരത്തേക്ക് പോകണം. കാസർകോട് ചട്ടഞ്ചാൽ മഹാലക്ഷ്‌മിപുരം ശ്രീ മഹിഷമർദിനി ക്ഷേത്രത്തിന് മുന്നിലാണ് അതിമനോഹരമായ ത്രിവേണി സംഗമം.കേരളത്തിലെയും കർണ്ണാടകത്തിലെയും ഗ്രാമങ്ങളിലൂടെ പയസ്വിനിപ്പുഴയും കരിച്ചേരി പുഴയും കൂടിച്ചേരുന്ന ഇടമാണ് മഹാലക്ഷ്മി പുരം. ക്ഷേത്രത്തിന് അടിയിലൂടെ ഒഴുകിയെത്തുന്ന അന്തർവാഹിനിയും കൂടി ചേരുന്നതോടെയാണ് ത്രിവേണി സംഗമമായി ഇതിനെ വിളിച്ചുവരുന്നത്. കാവേരിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരി മലയിൽ നിന്ന് തന്നെയാണ് കരിച്ചേരി പുഴയുടെ ഉത്ഭവം.

പാണത്തൂർ,​കൊട്ടോടി,​ ഉദയപുരം,​മൂന്നാംകടവ് വഴി ബാവിക്കരയിലേക്ക് എത്തുന്ന ഈ നദിയിലേക്ക് കർണാടകത്തിലെ പട്ടിഘാട്ട് മലനിരകൾ നിന്നും ഉത്ഭവിച്ച് അഡൂർ വഴി പടിഞ്ഞാറോട്ട് ഒഴുകുന്ന പയസ്വിനി പുഴയും വന്നുചേരുകയാണ്. ഇവിടം മുതലാണ് ചന്ദ്രഗിരി എന്ന പേര് ഈ നദിയെ വിളിക്കുന്നത്. ഇതിലേക്കാണ് 850 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മഹിഷ മർദിനി ക്ഷേത്രത്തിന് അടിയിലൂടെ ഒഴുകിയെത്തുന്ന അന്തർവാഹിനി വന്നു ചേരുന്നത്.കടുത്ത വേനലിൽപ്പോലും ക്ഷേത്രത്തിന് അടിയിലൂടെ ഒഴുകുന്ന അന്തർ വാഹിനിയിൽ നിന്നുള്ള പ്രവാഹം നിലക്കുന്നില്ലെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.ത്രിവേണി സംഗമം ആസ്വദിക്കാൻ മഹാലക്ഷ്മിപുരത്തേക്ക് നാനാദിക്കുകളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്.

സംഗമസ്ഥാനത്തെ സായാഹ്‌ന കാഴ്ച അതിമനോഹരവുമാണ്. ഇവിടേക്ക് ഇറങ്ങാൻ ക്ഷേത്ര കമ്മിറ്റി കല്ലുകൾ പാകി സ്റ്റെപ്പുകളുണ്ടാക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കാൻ കൈവരികളും തീർത്തിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി തടാകം പോലെയാണ് സ്ഥിരമായി ഈ സ്ഥലമുള്ളത്. മഴക്കാലത്ത് 15 മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങാറുണ്ട്. ഇവിടെ മുങ്ങികുളിക്കുന്നത് പാപങ്ങൾ ഇല്ലാതാക്കി ശുദ്ധീകരിക്കപ്പെടും എന്നാണ് വിശ്വാസം. തുലാം, കുംഭം, കർക്കിടകം മാസങ്ങളിലെ വാവുദിനങ്ങളിൽ ബലി തർപ്പണവും ഇവിടെ നടക്കാറുണ്ട്.കാഴ്ച കാണാൻ തൂക്കുപാലവുംബേഡഡുക്ക, ചെമ്മനാട്, മുളിയാർ പഞ്ചായത്തുകൾ സംഗമിക്കുന്നതും ഈ ത്രിവേണി സംഗമത്തിലാണ്.

ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെമ്മനാട് പഞ്ചായത്തിലാണ്. ബേഡഡുക്ക പഞ്ചായത്തുമായി ബന്ധിപ്പിക്കാൻ ക്ഷേത്രത്തിന് സമീപത്തുകൂടി തൂക്കുപാലം പണിതിട്ടുണ്ട്. കാസർകോടിന്റെ കുടിവെള്ള സംഭരണികാസർകോട് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ബാവിക്കര പദ്ധതിയുടെ തടയണ പണിതതും ഈ സംഗമ സ്ഥാനത്താണ്. പതിനാറര മീറ്റർ ഉയരത്തിലാണ് തടയണയുടെ ഷട്ടർ പണിതിട്ടുള്ളത്. ബി. ആർ. ഡി. സി ക്കായി കുടിവെള്ളം എത്തിക്കുന്ന ചെക്ക് ഡാമും തൊട്ടടുത്ത കായക്കുന്നത്ത് ആണുള്ളത്. പാണ്ടിക്കണ്ടത്ത് കൃഷി ആവശ്യത്തിനായി പണിത റഗുലേറ്റർ കം ബ്രിഡ്ജുമുണ്ട്.

STORY HIGHLLIGHTS : triveni-sangamam-in-kasarkodu-kerala