പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്‍റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ്. അതേസമയം, ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും മുന്നോട്ട് പോവുന്നത്. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാൽ കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുകയാണ്. ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം ഇന്നലെ വിധിയെഴുതിയത്.