ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി കറിക്ക് മഞ്ഞള്‍ കുറച്ച് അധികം ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അധികമായാല്‍ ഇതും പണി തരും. പ്രതിദിനം 500 മുതല്‍ 2,000 മില്ലിഗ്രാം വരെ മഞ്ഞള്‍ ആണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്ന ഡോസ്.
മഞ്ഞള്‍ അധികമായാല്‍ പിത്തരസം ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് ആമാശയത്തിലെ ആസിഡിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. ആയുര്‍വേദം പ്രകാരം അമിത അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് ദഹനത്തെ കാര്യമായി ഉത്തേജിപ്പിക്കും. എന്നാല്‍ ആമാശയത്തിലെ ആസിഡിന്റെ അളവു വര്‍ധിക്കുന്നത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം, ആസിഡ് റിഫ്‌ലക്‌സ് അവസ്ഥകള്‍ ഉള്ളവരില്‍ ദഹനക്കേട് പതിവാകാന്‍ കാരണമാകും.
ഓക്സലേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യവുമായി ചേരുകയും കാല്‍സ്യം ഓക്‌സലേറ്റ് രൂപീകരിക്കാനും ഇത് വൃക്കകളില്‍ അടിഞ്ഞു കൂടാനും കാരണമാകും.
മഞ്ഞളിന് ആന്റിഓകോഗുലന്‍ (രക്തം നേര്‍പ്പിക്കുന്ന) സ്വഭാവമുണ്ട്. അമിതമായ മഞ്ഞള്‍ കഴിക്കുന്നത് ഇതിന്റെ തോത് വര്‍ധിപ്പിക്കാനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മഞ്ഞളിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും അവയുടെ അമിത ഉപയോഗം ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കും.