പപ്പട വട എന്ന് കേൾക്കാത്ത മലയാളികളുണ്ടാകില്ല. ഒരു കാലത്തെ സ്ഥിരം വൈകുന്നേര പലഹാരങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. സാധാരണ പപ്പടത്തിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ചേരുവകളുണ്ട്. അൽപ്പം കട്ടി കൂടുതലായിരിക്കും എന്നതു മാത്രമല്ല എരിവും ക്രിസ്പിനസും ഉണ്ടായിരിക്കും. ഇതെങ്ങനെയാവും വറുത്തെടുക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ?. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്കാണിത്. ചോറിന് വറുക്കാൻ വച്ച് ബാക്കി വന്ന പപ്പടം മാത്രം മതി.
ചേരുവകൾ
പപ്പടം- 15
മുളകുപൊടി- 1 ടീസ്പൂൺ
ജീരകം- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കായപ്പൊടി- 1/4 ടീസ്പൂൺ
എള്ള്- 1 ടീസ്പൂൺ
അരിപ്പൊടി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കാൽ കപ്പ് അരിപ്പൊടിയെടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ എള്ള്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മാവ് തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് പപ്പടം വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ആവശ്യത്തിന് പപ്പടം എടുത്ത് തയ്യാറാക്കിയ മാവിൽ മുക്കി എണ്ണയിലേക്കു ചേർത്ത് വറുത്തെടുക്കുക. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.