ഇരുമ്പിൻ്റെയും കാൽസ്യത്തിൻ്റെയും മികച്ച ഉറവിടാണ് കറിവേപ്പില. അത്ര പോഷക സമൃദ്ധമാണത്. ആൻ്റി ഡയബറ്റിക് ഗുണങ്ങളുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിന് സഹായിക്കും. എന്നാൽ കറികളുടെ താളിപ്പിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല കറിവേപ്പിലയെ. ചോറിനൊപ്പം കഴിക്കാൻ അസാധ്യ രുചിയിൽ അച്ചാറും ഇത് ഉപയോഗിച്ച് തയ്യാറാക്കാം.
ചേരുവകൾ
കറിവേപ്പില
നല്ലെണ്ണ
ഉലുവ
ജീരകം
വെളുത്തുള്ളി
മുളകുപൊടി
മഞ്ഞൾപ്പൊടി
വാളൻപുളി
വറ്റൽമുളക്
ഇഞ്ചി
കാന്താരി മുളക്
വിനാഗിരി
ഉപ്പ്
തയ്യാറാക്കുന്ന വിധം
കറിവേപ്പില തണ്ടിൽ നിന്നും വേർപെടുത്തി കഴുകി ഉണക്കിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഉലുവ ചേർക്കാം. ഉലുവ പൊട്ടി കഴിഞ്ഞാൽ ജീരകം, ഒപ്പം വെളുത്തുള്ളി രണ്ടായി പിളർന്നതും ചേർത്തിളക്കാം. ഉണക്കിയെടുത്ത കറിവേപ്പില അതിലേക്ക് ചേർക്കാം. കറിവേപ്പില വെന്ത് തുടങ്ങുമ്പോൾ എരിവിനനുസരിച്ച മുളകുപൊടി ചേർക്കാം. അൽപ്പം മഞ്ഞൾപ്പൊടിയും, നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിൽ കുതിർത്തതും ചേർത്തിളക്കി യോജിപ്പിക്കാം. ഇതെല്ലം കൂടി ഇളക്കി വേവിച്ചെടുക്കാം. വേവിച്ചെടുത്ത കറിവേപ്പില അരച്ച് മാറ്റി വയ്ക്കുക. മറ്റൊരു പാൻ അടുപ്പിൽ വച്ച് കുറച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം. ഒപ്പം വറ്റൽമുളക്, ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത്, രണ്ട് പിടി കറിവേപ്പില, കാന്താരി മുളക് എന്നിവ ചേർത്ത് വേവിക്കാം. വെന്ത് വരുമ്പോൾ അരച്ച കറിവേപ്പില ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, കുറച്ച് വിനാഗിരി, കായപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. ചൂടാറിയതിനു ശേഷം ചോറിനൊപ്പം കഴിച്ചു നോക്കൂ.