മലയാളികളുടെ സ്ഥിരം പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. ഏറെ തയ്യാറെടുപ്പുകൾ ഇത് തയ്യാറാക്കാൻ ആവശ്യവുമാണ്. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർക്കാൻ വച്ച്, മാവ് അരച്ച് പുളപ്പിച്ചെടുത്ത് വേണം ദോശ ചുട്ടെടുക്കാൻ. തലേ ദിവസം തന്നെ തുടങ്ങുന്ന ഇത്തരം മുന്നൊരുക്കങ്ങൾ എല്ലായിപ്പോഴും സാധിച്ചെന്നു വരില്ല. മാത്രമല്ല ഭക്ഷണത്തിൽ ചെറിയ മാറ്റം കൊണ്ടു വരുന്നത് അതിനോടുള്ള മടുപ്പ് അകറ്റുന്നതിന് സഹായിക്കും. അരിയും ഉഴുന്നും ഇല്ലെങ്കിലും ഇനി കിടിലൻ രുചിയിൽ വ്യത്യസ്തമായ ദോശ തയ്യാറാക്കാം.
ചേരുവകൾ
മൈദ/ഗോതമ്പ്- 1 കപ്പ്
ഉപ്പ്- ഒരു നുള്ള്
പഞ്ചസാര- 2 ടീസ്പൂൺ
വെളിച്ചെണ്ണ- 1 ടീസ്പൂൺ
വെള്ളം- 1 കപ്പ്
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
മുട്ട- 2
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദയോ ഗോതമ്പ് പൊടിയോ എടുക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക. ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് മാവ് കലക്കിയെടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. രണ്ട് മുട്ട മാവിലേക്ക് പൊട്ടിച്ചൊഴിച്ചിളക്കിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി മാവിൽ നിന്നും ആവശ്യത്തിനെടുത്ത് പാനിൽ ഒഴിച്ച് പരത്തി ദോശ ചുട്ടെടുക്കാം.