വെണ്ടയ്ക്ക അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. ഇത് ഉപയോഗിച്ച് വ്യത്യസ്തമായ കറികൾ തയ്യാറാക്കാൻ ശ്രമിക്കാറുണ്ടോ?. വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. വെണ്ടയ്ക്ക പച്ചടി മുതൽ ഫ്രൈ വരെ വ്യത്യസ്ത വിഭവങ്ങൾ ഇതുപയോഗിച്ച് പരീക്ഷിക്കൂ. വെണ്ടയ്ക്കയുടെ രുചി അറിയണമെങ്കിൽ വറുത്ത് തന്നെ കഴിക്കണം.
ചേരുവകൾ
വെണ്ടയ്ക്ക- 6 എണ്ണ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഗരംമസാല- 1/4 ടീസ്പൂൺ
കടലമാവ്- 2 ടീസ്പൂൺ
മല്ലിപ്പൊടി- 3/4 ടീസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
അരിപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
നാരങ്ങ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയെടുത്ത വെണ്ടയ്ക്കയുടെ രണ്ടറ്റവും മുറിച്ച് നടുവെ പിളർന്ന് കഷ്ണങ്ങളാക്കിയെടുക്കാം. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ചേർക്കുക. ഒരു ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് കൂടി ചേർത്ത് അൽപ്പ സമയം മാറ്റി വയ്ക്കാം.
ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് മസാല പുരട്ടിയ വെണ്ടയ്ക്ക് വച്ച് വറുക്കാം. ഇരു വശങ്ങളും വറുത്തെടുക്കുക. ക്രിസ്പി വെണ്ടയ്ക്ക ഫ്രൈ തയ്യാർ.