അയലപ്പുട്ട് കഴിച്ചിട്ടുണ്ടോ? ഇനി പുട്ടിനൊപ്പം മീൻ കറി കഴിക്കേണ്ട, അതിലേക്ക് മീൻ ചേർത്ത് ഒരു വെറൈറ്റി വിഭവം തയ്യാറാക്കിക്കോളൂ. മീൻ കറ തയ്യാറാക്കാൻ വാങ്ങുന്ന അയല കുറച്ച് മാറ്റി വയ്ക്കാം. മീനിൻ്റെ മുള്ള് കളയാൻ മറക്കേണ്ട.
ചേരുവകൾ
അരിപ്പൊടി- ആവശ്യത്തിന്
അയല- 3 എണ്ണം
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വാളൻപുളി- നെല്ലിക്ക വലിപ്പത്തിൽ
തേങ്ങ- 1/2 മുറി
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
ചുവന്ന മുളക്- 4
ഉലുവ- 1/2 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ജീരകം – 1/2 ടീസ്പൂൺ
പച്ചമുളക്- 1
കുരുമുളക് പൊടി- 1/4 ടീസ്പൂൺ
ചുവന്നുള്ളി- 150 ഗ്രാം
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ അയലയിലേക്ക് കുറച്ച് വെള്ളം ഒഴിക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, നെല്ലിക്ക വലിപ്പത്തിലുള്ള പുളി കുതിർത്തു വച്ചത് എന്നിവ കൂടി ചേർത്ത് മീൻ വേവിച്ചെടുക്കാം.
വെന്ത മീൻ ചൂടാറിയതിനു ശേഷം മുള്ള് കളഞ്ഞെടുക്കാം. അൽപ്പം തേങ്ങ ചിരകിയതും, ചെറിയ കഷ്ണം ഇഞ്ചിയും, ആറ് അല്ലി വെളുത്തുള്ളിയും, ഒരു പച്ചമുളക് അരിഞ്ഞതും, അര ടീസ്പൂൺ ജീരകവും ഒരുമിച്ചു ചേർത്ത് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കാം. ഇതിലേക്ക് നാല് വറ്റൽമുളകും, 150 ഗ്രാം ചുവന്നുള്ളിയും, കുറച്ച് കറിവേപ്പിലയും ചേർത്ത് വേവിക്കാം. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ വേവിച്ച മത്തി കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, അരച്ചെടുത്ത തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി വേവിക്കാം. പുട്ട് തയ്യാറാക്കാൻ മാറ്റി വച്ചിരിക്കുന്ന അരിപ്പൊടി കുറ്റിയിലേക്ക് നിറയ്ക്കുക. അയല മുകളിലായി ചേർക്കാം. ശേഷം ആവിയിൽ വേവിക്കാം, അയലപ്പുട്ട് തയ്യാർ.