എണ്ണയിൽ ഫ്രൈ ചെയ്ത മീൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ വറുത്ത മീനിനോടാണ് എല്ലാവർക്കും പ്രിയം. പക്ഷേ കൊളസ്ട്രോൾ, ഫാറ്റി ലിവർ ഇങ്ങനെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് ഇന്ന് വന്നിരിക്കുന്നത്. ഒരു തുള്ളി എണ്ണ ചേർക്കാതെ രുചികരമായി മീൻ വറുത്തെടുക്കാം.
ചേരുവകൾ
- കഴുകി വൃത്തിയാക്കിയ മീൻ – 250 ഗ്രാം
- മുളകുപൊടി – 1 ടീസ്പൂൺ
- പച്ചമുളക് – 2
- ഇഞ്ചി – ചെറിയ കഷ്ണം
- കുരുമുളക് – അര ടീസ്പൂൺ
- വെളുത്തുള്ളി – 5 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- ചെറുനാരങ്ങാ നീര് – 1/2 ടീസ്പൂണ്‍
- ചുവന്നുള്ളി – 5
- വാട്ടിയ വാഴയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- മീന്‍ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി ചതച്ചെടുക്കുക.
- കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുത്ത് ഈ മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക
- വാട്ടിയ വാഴയിലയിൽ ഇവ ഓരോന്നായി പൊതിഞ്ഞു, നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടുക.
- ഒരു പാന്‍ അടുപ്പത്തുവെച്ച് നന്നായി ചൂടാക്കുക. അതിലേക്ക് ഈ മീൻ വച്ചു മൂടിവയ്ക്കുക.
- ഓരോ വശവും വെന്താൽ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം.
- ഭാരം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ക്ക് മീന്‍ ഇത്തരത്തില്‍ കഴിക്കാം.
content highlight: oil-free-fried-fish-recipe