അടുത്ത കാലത്തായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. കേരളത്തില്‍ നിന്നും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയിയെന്ന വാര്‍ത്തകള്‍ക്ക് പുറകിലാണ് ഇപ്പോള്‍ നാടും നാട്ടുകാരും. നമ്മുടെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിയ്ക്കും എന്നതാണ് ആലോചിയ്‌ക്കേണ്ട കാര്യം.
കുഞ്ഞുങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ നാം ആദ്യം ചെയ്യേണ്ട ഒന്ന് കുഞ്ഞുങ്ങളെ അപരിചിതരില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കണം എന്നത് തന്നെയാണ്. അപരിചിതരില്‍ നിന്നും ഒന്നും വാങ്ങരുതെന്നും അവര്‍ വിളിച്ചാല്‍ പോകരുതെന്നും അത്തരക്കാരെ കണ്ടാല്‍ വീട്ടില്‍ അറിയിക്കണമെന്നുമെല്ലാം കുട്ടികള്‍ക്ക് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുക തന്നെ വേണം. മാത്രമല്ല, അപരിചിതരോ ഇത്തരം വാഹനങ്ങളോ ഈ ഭാഗത്ത് തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. കൊല്ലത്ത് നിന്നും കാണാതായ കുട്ടിയും സഹോദരനും ഇത്തരം ഒരു കാര്‍ ആ പരിസരങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലായി കണ്ടതായി വീട്ടില്‍ അറിയിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ നാം നിസ്സാരമായി തള്ളിക്കളയരുത്.കഴിവതും ചെറിയ കുട്ടികളെ, ഇവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ പോലും ഒറ്റയ്ക്ക് വിടാതിരിയ്ക്കുക. നമുക്ക് കൊണ്ടുചെന്നാക്കാവുന്ന, കൊണ്ടുവരാന്‍ കഴിയുന്ന രീതിയാണെങ്കില്‍ ഇത് ചെയ്യുക. നമ്മുടെ തിരക്കുകളേക്കാള്‍, സമയത്തേക്കാള്‍ വിലയുള്ളത് തന്നെയാണ് നമ്മുടെ കുട്ടികള്‍. ഇതുപോലെ നമ്മുടെ കുട്ടികള്‍ തൊട്ടയല്‍പക്കങ്ങളില്‍ പോകുമ്പോള്‍ പോലും ഇത്തരം ശ്രദ്ധയുണ്ടാകണം. അവിടെയും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണന്നെ് ഉറപ്പാക്കണം. ഒരുമിച്ച് കുട്ടികള്‍ ട്യൂഷനോ സ്‌കൂളിലോ നടന്ന് പോകുന്നവരാണെങ്കില്‍ ഓരോ ദിവസം ഓരോരുത്തരുടെ രക്ഷിതാക്കളില്‍ ആരെങ്കിലും എന്ന രീതിയില്‍ പോകാം.കുട്ടികളെ മറ്റ് വാഹനങ്ങളില്‍ കയറ്റി സ്‌കൂളിലോ മറ്റോ വിടുന്നുവെങ്കിലും സ്‌കൂള്‍ ബസുകളെയോ വിശ്വാസ്യതയുള്ളവരുടെ വാഹനങ്ങളിലോ വിടാന്‍ ശ്രദ്ധിയ്ക്കുക. അല്‍പം കൂടുതല്‍ കുട്ടികള്‍ ഒരുമിച്ച് പോകുന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നത് തന്നെയാണ് നല്ലത്. ഇതുപോലെ നിങ്ങളുടെ കുട്ടികളുടെ ഫോട്ടോകളോ ഇവരെക്കുറിച്ചുള്ള വിവരങ്ങളോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിയ്ക്കാതിരിയ്ക്കുക.