മധുരക്കിഴങ്ങ് പേരു പോലെ തന്നെ മധുരമാണ് രുചി. ആവിയിൽ വേവിച്ചെടുത്തും, അടുപ്പിൽ ചുട്ടും കഴിക്കാവുന്നതാണ്. ധാരാളം പ്രോട്ടീനും, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്രത്തോളും ആരോഗ്യപ്രദമായ മധുരക്കിഴങ്ങ് കുട്ടികൾക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടെന്നു വരില്ല. എങ്കിൽ അതൊന്ന് ഫ്രൈ ചെയ്ത് കൊടുത്തു നോക്കൂ.
ചേരുവകള്‍
മധുരക്കിഴങ്ങ് – 1
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1/2 ടേബിള്‍സ്പൂണ്‍
മുളക് – 1 ടേബിള്‍സ്പൂണ്‍
കടലമാവ് – 1 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ലോർ – 1 ടേബിള്‍സ്പൂണ്‍
അരിപ്പൊടി – 1/2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
സാമാന്യം വലിപ്പമുള്ള മധുരക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ഒരേ കട്ടിയിൽ നീളത്തിൽ അരിഞ്ഞെടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ മുളകുപൊടി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അര ടേബിൾസ്പൂൺ, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് അരച്ചത്, ഒരു ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ, അര ടേബിൾസ്പൂൺ അരിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. മുപ്പത് മിനിറ്റ് ഇത് മാറ്റി വയ്ക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് മസാല പുരട്ടി മാറ്റി വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ചേർത്ത് വറുക്കാം.