നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച്, നാട്ടിൽ പണ്ടു തൊട്ടേ വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴവർഗമാണ് പാഷൻ ഫ്രൂട്ട്. വിറ്റമിൻ സി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനും ചർമ്മത്തിൻ്റെ പരിരക്ഷക്കും രോഗപ്രതിരോധശക്തി കൂട്ടാനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. ഹീമോഗ്ളോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒരു ഫലം കൂടിയാണ് പാഷൻ ഫ്രൂട്ട്. ഒരേസമയം പുളിയും മധുരവും തരുന്ന ഒരു ഫലം. ഒരു ഗ്ലാസ് പാഷൻ ഫ്രൂട്ട് ജ്യൂസ് മതി, നമ്മുടെ ക്ഷീണവും തളർച്ചയും ദാഹവുമൊക്കെ മാറ്റാൻ. ചുവപ്പും മഞ്ഞയും കളറുകളിൽ പാഷൻ ഫ്രൂട്ട് ലഭ്യമാണ്. ഏതു കാലാവസ്ഥയിലും ഭക്ഷ്യ യോഗ്യമായ ഫലം തന്നെയാണ് പാഷൻ ഫ്രൂട്ട്. വീട്ടിൽ അതിഥികൾ വന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസാണ് ഈ പാഷൻ ഫ്രൂട്ട് ജ്യൂസ്. എങ്ങനെ ഈ ജ്യൂസ് ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
പാഷൻ ഫ്രൂട്ട് – 4,5 എണ്ണം
നാരങ്ങാ – 3 എണ്ണം
പഞ്ചസാര – 5 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
വെള്ളം – 2 വലിയ ഗ്ലാസ്
തയാറാക്കുന്ന വിധം
പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങാ നീര് ഒഴിച്ച് ഒന്നും കൂടെ യോജിപ്പിക്കുക. ഇതിലേക്ക് പാഷൻഫ്രൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ച് ഐസ് ക്യൂബും കൂടെ ചേർത്തു കൊടുത്താൽ രുചിയേറിയ പാഷൻഫ്രൂട്ട് ജ്യൂസ് റെഡി.