ശബരിമല യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സുവര്‍ണാവസരമാണെന്ന പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം. കോഴിക്കോട് കസബ പൊലീസ് ആണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തത്.
കോഴിക്കോട് നന്മണ്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമല യുവതിപ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി നിലപാടിനെ ലംഘിക്കുന്ന പ്രസ്താവനയാണ് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ളയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.