Video

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വി.ഡി.സതീശൻ

മല്ലപ്പളളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസം​ഗത്തിൽ വന്ന ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്യുകയാണ് പ്രതിപക്ഷം. സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോ​ഗ്യനല്ലെന്നും സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസം​ഗം ഉണ്ടായത്. അന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്ന് സജി ചെറിയാൻ രാജിവെച്ചിരുന്നു. എന്നാൽ അതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാന്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ തയ്യാറാകണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച് സജി ചെറിയാൻ നടത്തിയ പ്രസം​ഗത്തിൽ ക്ലീൻ ചിറ്റ് നൽകിയ പോലീസ് നടപടി റദ്ദാക്കികൊണ്ടായിരുന്നു ഇന്നത്തെ ഹൈക്കോടതി വിധി. സംസ്ഥാന ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ പുനരന്വേഷണം നടത്തണമെന്ന് നിർദേശിച്ച കോടതി പോലീസിന് നേരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു. രാഷ്ട്രീയ നേതാക്കളുടെ മാത്രം മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികളായ മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തില്ലെന്നും, കുന്തം-കുടച്ചക്രം തുടങ്ങിയ വാക്കുകൾ മന്ത്രി പറയാനുണ്ടായ സാഹചര്യം പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതകൾ പരിശോധിച്ചുകൊണ്ടുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതിന് മുമ്പായിരുന്നു സജി ചെറിയാന് പോലീസ് ക്ലീൻ ചിറ്റ് നൽകിയതെന്നും പോലീസ് നടപടി തെറ്റാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു. മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്ടാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്.

സംഭവം ഉണ്ടായ സമയത്ത് ധാർമികത കണക്കിലെടുത്ത് രാജിവെച്ചെങ്കിലും ഇന്ന് അതല്ല സാഹചര്യമെന്നും മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നുമാണ് സജി ചെറിയാന്റെ മറുപടി. ഇത് അന്തിമവിധിയല്ലെന്നും ഇതിന് മുകളിലും കോടതികൾ ഉണ്ടല്ലോ എന്നും സജി ചെറിയാൻ പ്രതികരിച്ചു.

Latest News