ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ കുറ്റപത്രം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റാരോപണം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 20 ശതമാനംവരെ തകർച്ച നേരിട്ടു. സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് പ്രധാന ആരോപണം.
അദാനി എനർജി സൊലൂഷൻ 20 ശതമാനം തകർച്ച നേരിട്ടു. അദാനി ഗ്രീൻ 18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 13 ശതമാനവും അദാനി പവർ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ എക്സിക്യുട്ടീവുകൾ, അസുർ പവർ ഗ്ലോബൽ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറിൽ കബനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തി യുഎസ് 265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടു. അദാനിയെ പരാമര്‍ശിക്കാന്‍ ‘ന്യൂമെറെ യുണോ’, ‘ദി ബിഗ് മാന്‍’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.