ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന ഹൈകോടതി ഉത്തരവ് മാനിച്ച് സജി ചെറിയാൻ സ്വയം രാജിവെക്കാൻ തയ്യാറാകണം. മുൻപ് സജി ചെറിയാൻ രാജിവെക്കാൻ ഉണ്ടായ സാഹചര്യം എന്താണോ അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. കേരളാ പോലീസ് സജി ചെറിയാൻ ചെയ്ത തെറ്റ് തേയ്ച്ച് മാച്ച് കളഞ്ഞു. ക്ലീൻ ചിറ്റ് നൽകിയ പോലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇനി മന്ത്രിസ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ലെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. സത്യസന്ധനായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ തുടർ അന്വേഷണം നടത്തണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പോലീസ് അന്വേഷണത്തിൽ നടന്നതുപോലെയുള്ള വീഴ്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കാൻ നടന്നവരാണ് സിപിഎം നേതാക്കളെന്നും വി.മുരളീധരൻ പരിഹസിച്ചു. രാജിവെക്കാൻ സജി ചെറിയാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. സജി ചെറിയാനെതിരായ കോടതി ഉത്തരവ് വന്നതിന് പിന്നാലെ തിരുവനന്തപുരത്തായിരുന്നു വി.മുരളീധരന്റെ പ്രതികരണം. അതേസമയം സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി മാനിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ബിജെപി കൂട്ടിച്ചേർത്തു.
2022ൽ സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ അഭിഭാഷകനായ ബൈജു എം.നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമായിരുന്നു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഹർജിക്കാരന്റെ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു.