നിരോധിത മാർഗങ്ങളിലൂടെ പക്ഷിവേട്ടയ്ക്കുള്ള ശ്രമം തടഞ്ഞ് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം. പക്ഷികൾക്ക് കെണിയൊരുക്കുന്നതിനുള്ള ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഖത്തറിൽ പക്ഷിവേട്ടയ്ക്കുള്ള സീസൺ കഴിഞ്ഞ സെപ്തംബർ മുതൽ തുടങ്ങിയിരുന്നു. ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ഹണ്ടിങ് സീസണിന് മുന്നോടിയായി കർശന നിർദേശങ്ങളും അധികൃതർ നൽകിയിരുന്നു.
ഇലക്ട്രോണിക്-ഇലക്ട്രിക് ഉപകരണങ്ങൾ,പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേർഡ് കോളർ എന്നിവ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. എന്നാൽ ഇത് പാലിക്കാതെ പക്ഷിവേട്ട നടത്തുന്നതായാണ് മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഉപകരണങ്ങൾ പിടിച്ചെടുത്ത മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.പരിശോധനയ്ക്കായി വന്യജീവി സംരക്ഷണ വിഭാഗത്തിന് കീഴിൽ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്.