Science

ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെങ്കിലും തയ്യാറാക്കുന്ന രീതി കൊണ്ട് അനാരോഗ്യമാകാം

ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെങ്കിലും തയ്യാറാക്കുന്ന രീതി കൊണ്ടും ചേര്‍ക്കുന്ന ചേരുവകള്‍ കൊണ്ടും കഴിയ്ക്കുന്ന രീതി കൊണ്ടുമെല്ലാം അനാരോഗ്യകരമാകാം. ചില ഭക്ഷണ വസ്തുക്കളാകട്ടെ, അനാരോഗ്യകരമെങ്കില്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അല്‍പം ആരോഗ്യകരവുമാക്കാം. പലപ്പോഴും നാം പാചകത്തില്‍ അറിയാതെ വരുത്തുന്ന തെറ്റുകള്‍, അല്ലെങ്കില്‍ ചില പാചക രീതികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്താന്‍ വഴിയൊരുക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് പുളിയുള്ള കറികള്‍.

 

വാളന്‍ പുളിയോ കുടംപുളിയോ തക്കാളിയോ ഇരുമ്പന്‍ പുളിയോ മാങ്ങയോ ചേര്‍ത്ത് കറിയുണ്ടാക്കുന്ന രീതി നമുക്കിടയില്‍ സാധാരണവുമാണ്. പുളി രസമില്ലെങ്കില്‍ രുചിയാകെ നഷ്ടപ്പെടുന്ന ചില കറികളുമുണ്ട്. മീന്‍കറിയിലും സാമ്പാറിലും തീയലിലും പുളിങ്കറിയിലും എല്ലാം തന്നെ നാം പുളി ചേര്‍ക്കാറുണ്ട്. പുളിയുള്ള മോരൊഴിച്ച് തയ്യാറാക്കുന്ന മോരുകറി പോലുള്ളവരും ഉണ്ട്. ഇതല്ലാതെ പുളിയുള്ള മോര് മാത്രം പ്രത്യേക ചേരുവകള്‍ ഇട്ട് കാച്ചിയെടുത്തും നാം ഉപയോഗിയ്ക്കാറുണ്ട്.

ഇത്തരം കറികളില്‍ നാം പുളിയ്‌ക്കൊപ്പം പല ചേരുവകളും ഉപയോഗിയ്ക്കുന്നു. ഉപ്പ് ഇത്തരത്തിലെ സാധാരണ ചേരുവയാണ്. ഉപ്പിന് ദോഷവശങ്ങള്‍ ഏറെയാണെങ്കിലും ഉപ്പില്ലാത്ത വിഭവങ്ങള്‍ക്ക് രുചി കുറയും എന്നത് സത്യം തന്നെയാണ്. ഉപ്പ് കുറവുപയോഗിയ്ക്കുകയെന്നതാണ് പോംവഴി. പ്രത്യേകിച്ചും ബിപി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഉപ്പ് കുറച്ചുപയോഗിയ്ക്കുന്നതാണ് നല്ലത. എന്നു കരുതി പൂര്‍ണമായും ഉപ്പില്ലാത്ത വിഭവങ്ങളും കറികളും ഉപയോഗിയ്ക്കാന്‍ താല്‍പര്യക്കുറവുള്ളവര്‍ ധാരാളമുണ്ടാകും. പാകത്തിന്, അല്ലെങ്കില്‍ അളവില്‍ കുറവ് ഉപ്പ് ഉപയോഗിയ്ക്കുക എന്നതാണ് പരിഹാരം.

ഉപ്പ് കൂടുമ്പോള്‍ ഇത് ബിപി പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് മാത്രമല്ല, ശരീരത്തില്‍ കൂടുതല്‍ വെള്ളം കെട്ടിക്കിടക്കുക പോലുള്ള പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഉപ്പ് ആരോഗ്യത്തിന് ദോഷം തന്നെയാണ്. പല രീതിയിലെ ദോഷവും ഇത് വരുത്തും. ഇതിനുള്ള പരിഹാരം എന്തെന്നാല്‍ പാകത്തിന് പുളി മാത്രം ചേര്‍ക്കുകയെന്നതാണ്. പുളി കൂടുന്തോറും ഉപ്പിന്റെ രുചി കുറഞ്ഞ് നില്‍ക്കും. പാകത്തിന് പുളിയെങ്കില്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ സാധിയ്ക്കും. ഇനി പുളി കൂടുതലായി ഉപ്പ് കുറവാണെന്ന് തോന്നിയാലും കൂടുതല്‍ ഉപ്പ് ചേര്‍ക്കാതെ ആ രുചിയില്‍ തന്നെ ഭക്ഷണം കഴിയക്കുകയെന്നതാണ് അടുത്ത പരിഹാരം.