മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വിമിൻ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സർക്കാർ നിയമം നിർമിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി സ്‌പെഷൽ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയർത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സുരക്ഷ ഉൾപ്പെടെ ഏർപ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള വിഷയങ്ങളാണു നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. ആ സമയത്ത് ഡബ്ല്യുസിസി ഹരജിയിൽ കോടതി ഇടപെടലുണ്ടായേക്കുമെന്നാണു കരുതപ്പെടുന്നത്.