അന്തരിച്ച നടൻ മേഘനാദന് ആദരാഞ്ജലികൾ അർപ്പിച്ച് പഴയ ഓർമകൾ പങ്കുവെക്കുകയാണ് നടി വിന്ദുജ മേനോൻ. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഒരു പാവത്താനായിരുന്നു മേഘനാദനെന്നാണ് വിന്ദുജ പറയുന്നത്. അമ്മ സംഘടന മീറ്റിങ്ങിനിടെയാണ് അവസാനമായി മേഘനാദനെ കണ്ടതെന്നും എപ്പോൾ കാണുമ്പോഴും ഹൃദ്യമായ ഭാഷയിൽ കുശലാന്വേഷണം നടത്താറുണ്ടെന്നും വിന്ദുജ ഓർത്തെടുക്കുന്നു. മേഘനാദനൊപ്പം ഒന്നിച്ച് അഭിനയിച്ചപ്പോൾ കൈയിൽ മുറുക്കിപിടിച്ച് ദേഹോപദ്രവം ചെയ്യുമ്പോൾ ശെരിക്കും പേടിച്ചു വിറച്ചിരുന്നു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ച് ഇത് കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുമെന്നും വിന്ദുജ ഫേസ് ബുക്കിൽ കുറിച്ചു. മഞ്ജുധർമൻ സംവിധാനം ചെയ്ത ‘കഥയറിയാതെ’ യിൽ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞുട്ടുണ്ട്, അദ്ദേഹം ഒരു സ്നേഹനിധിയാണ് എന്നും വിന്ദുജ പറയുന്നു. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ മേഘനാദനോട് പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണ് എന്നും വിന്ദുജ സമൂഹമാധ്യമത്തിൽ കുറിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മേഘനാദൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിൽ 60ൽ അധികം സിനിമകളിലും തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാദൻ. അച്ഛനെ പോലെ തന്നെ വില്ലൻ വേഷങ്ങളിൽ ആയിരുന്നു മേഘനാദനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1983-ല്‍ പ്രശസ്ത സംവിധായകന്‍ പി.എന്‍.മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ.വി.ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ സിനിമകളിലും അഭിനയിച്ചു. ചമയം, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. മേഘനാദന്റെ മൃതദേഹം ഷൊർണൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.