തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപിടിക്കറ്റിന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചുവെന്ന പ്രചരണവും അതിന്റെ പേരിലുള്ള സമരവും ദൗര്‍ഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തിലെ ചര്‍ച്ചയില്‍ വന്ന നിര്‍ദേശത്തിന്റെ പേരിലാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല. ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചികിത്സാ വിഭാഗങ്ങളിലേയ്ക്ക് ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളാണ് വാങ്ങിയത്. ഇവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് ആശുപത്രി വികസന സമിതിയാണ് തുക കണ്ടെത്തേണ്ടത്. ഉപകരണങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവും വര്‍ധിക്കും.
ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകള്‍ക്കുമൊപ്പം വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കരാര്‍ തുക കൂടിയാകുമ്പോള്‍ ആശുപത്രി വികസന സമിതിയുടെ ചെലവ് വന്‍തോതില്‍ വര്‍ധിക്കും. ഈ പ്രശ്‌നം പരിഹരിക്കാനെന്ന നിലയിലാണ് ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കി അറ്റകുറ്റപ്പണിയ്ക്കുള്ള തുക കണ്ടെത്താമെന്ന നിര്‍ദേശം വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട യോഗത്തില്‍ വന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒപിടിക്കറ്റിന് ഫീസ് ഈടാക്കിയിരുന്നു. മാത്രമല്ല നിലവില്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മറ്റു മെഡിക്കല്‍ കോളേജുകളിലും ഫീസ് ഈടാക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപിടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന നിര്‍ദേശം വന്നത്. ഏതായാലും തീരുമാനമാകാത്ത വിഷയത്തില്‍ നടക്കുന്ന സമരം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രി വികസന സമിതി വഴി പുതിയ നിയമനങ്ങള്‍ക്കും തീരുമാനമെടുത്തുവെന്ന വാര്‍ത്തയും വാസ്തവ വിരുദ്ധമാണ്. സാധാരണ നടക്കുന്ന പോലെ ട്രയിനികളെ നിയമിക്കുന്നതല്ലാതെ മറ്റു നിയമനങ്ങള്‍ നടത്തുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതെന്നും ഡോ സുനില്‍കുമാര്‍ പറഞ്ഞു.