രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്പോർട്സ് ലീഗ്’-തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുക. ലീഗിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും സെക്രട്ടറിയേറ്റിലെ പി ആര് ചേമ്പറില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു.
സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക.’ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോര്‍ട്സ് ക്ലബ് തുടങ്ങും. സ്പോര്‍ട്സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാതല കമ്മിറ്റികള്‍ ഉണ്ടാകും. കമ്മിറ്റിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും, കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സിലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിര്‍വഹണ സമിതി.
പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്റ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലതല സമിതികളാണ്് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മികച്ച കായിക സംസ്കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സ്പോര്‍ട്സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും.