ഉള്ളി അരിയുമ്പോള്‍ കണ്ണ് നീറുന്നത് ഒരു പതിവ് സംഭവമാണല്ലോ. മൂന്ന് ലെയറുകളായിട്ടാണ് സവാള പൊതുവിൽ കാണപ്പെടുന്നത്. നമ്മൾ അവസാനത്തെ ലെയർ മുറിക്കുമ്പോൾ, സവാളയിൽ നിന്നും എൻസൈം പുറംതള്ളപ്പെടുന്നു. ഇത് പുറത്തേക്ക് എത്തുമ്പോൾ ഗ്യാസ് രൂപത്തിലാവുന്നു. ഈ ഗ്യാസ് നമ്മളുടെ കണ്ണുനീർ ഗ്രന്ഥികളിൽ തട്ടിയാണ് കണ്ണിൽ നിന്ന് വെള്ളം വരുന്നത്. എന്നാൽ ഇനി മുതൽ ഉള്ളി അരിയുമ്പോൾ കണ്ണുകൾ നീറാതെ ഇരിക്കാൻ ചില സൂത്രവിദ്യകള്‍ പരീക്ഷിക്കാം. ഉള്ളി അരിയുന്നതിന് മുമ്പ് ഉള്ള് ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്തെടുക്കാം അല്ലെങ്കിൽ തൊലി കളഞ്ഞ ഉള്ളി നടുകെ പിളർന്ന് പതിനഞ്ച് മിനിറ്റ് വെള്ളത്തിൽ ഇട്ടുവെക്കാം. മറ്റൊരു വഴി ഉള്ളി അരിയുമ്പോള്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിക്കുക. അപ്പോള്‍ വളരെ കുറഞ്ഞ ഉള്ളി നീര് മാത്രമേ പുറത്ത് വരികയുള്ളൂ എന്നതാണ്. ഏതെങ്കിലും ഇടുങ്ങിയ സ്ഥലത്ത് ഇരിക്കാതെ ഒരു ഫാൻ ഇട്ട് അതിന് ചുവട്ടിൽ ഇരുന്ന് ഉള്ളി അരിയുന്നതും കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കാൻ സഹായിക്കും. ഫാൻ ഇടുമ്പോൾ ഇതിൽ നിന്നും പുറത്തേക്ക് വരുന്ന ഗ്യാസ് നമ്മളുടെ കണ്ണിലേയ്ക്ക് വരുന്നതിന് പകരം പുറത്തേക്ക് പോകുന്നു എന്നതാണ് കാരണം.
സവാളയിലെ അസിഡിറ്റി കുറയ്ക്കാൻ മറ്റൊരു ആസിഡ് ഉപയോഗിക്കാവുന്നതാണ്. ഇതിന് ഏറ്റവും നല്ലത് ആപ്പിൾ സൈഡർ വിനഗർ തന്നെയാണ്. ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സൈഡർ വിനഗർ ചേർക്കുക. ഒപ്പം ഉപ്പും ചേർത്ത് ഇവ നന്നായി മിക്സ് ചെയ്ത് ഇതിലേയ്ക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇട്ട് വെക്കണം. കുറഞ്ഞത് 10 മിനിറ്റ് ഇട്ട് വെക്കുന്നത് ഗുണം ചെയ്യും. മറ്റൊന്ന് കട്ടിങ് ബോര്‍ഡില്‍ വിനാഗിരി പുരട്ടുക. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാല്‍ ഉള്ളിനീരിലെ എന്‍സൈമുകള്‍ നിര്‍വീര്യമാകുന്നു. അടുത്തതായി ഉള്ളിയുടെ വേര് ഭാഗം അവസാനം മുറിക്കുക എന്നതാണ്. ഉള്ളിയുടെ നീര് കൂടുതലായി ആ ഭാഗത്താണുള്ളത്. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടികൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുക. ഇതിലെ സള്‍ഫര്‍ കണ്ണുനീര്‍ ഉണ്ടാക്കുന്ന ഉള്ളിനീരിലെ ഘടകങ്ങളെ നിര്‍വീര്യമാക്കുന്നു. ഈ പൊടിക്കൈകളിൽ ഏതെങ്കിലും ഒന്ന് പരീക്ഷിക്കൂ അടുത്ത തവണ കണ്ണിൽ നിന്ന് ഒരു തുള്ളി വെള്ളം വരാതെ ഉള്ളി അരിയാം.