Environment

4000 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായി; ഭൂമിക്കടിയിൽ ഒഴുകുന്ന അത്ഭുത നദി | why-saraswati-river-disappeared-know-the-mystery-behind-the-lost-river

സരസ്വതി നദിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പുരാണങ്ങളില്‍ പ്രതിപാദിച്ചിരുന്ന ഒരു നദിയായിരുന്നു സരസ്വതി. ഗവേഷകരെ ഇന്നും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് സരസ്വതി നദിയെ ചുറ്റിപ്പറ്റിയുള്ളത്. ഒരു കെട്ടുകഥയായി മാത്രം കരുതിയിരുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലൂടെ ഒഴുകിയിരുന്നു എന്നതിന് ചില തെളിവുകളും ഗവേഷകരുടെ പക്കലുണ്ട്.വേദകാലത്ത് സരസ്വതിയെ ഏറ്റവും പുണ്യ നദിയായി കണക്കാക്കിയിരുന്നു. ഋഗ്വേദത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ നദിയിലെ വെള്ളം കുടിച്ച് ഋഷിമാര്‍ വേദങ്ങള്‍ രചിക്കുകയും വേദജ്ഞാനം നേടുകയും ചെയ്തിരുന്നുവെന്ന് പറയുന്നു. സരസ്വതി നദി ഒഴുകുന്നത് ഇന്നുവരെ ആരും കണ്ടിട്ടില്ല. ഹിമാചലിലെ സിര്‍മൗര്‍ പര്‍വതപ്രദേശത്ത് നിന്ന് ഉത്ഭവിച്ചിരുന്ന സരസ്വതി നദി അംബാല, കുരുക്ഷേത്ര, കൈതാല്‍, പട്യാല എന്നിവയിലൂടെ ഒഴുകി സിര്‍സയിലെ ദൃഷ്ദ്വതി നദിയില്‍ ചേരുന്നതായി പറയപ്പെടുന്നു. പുരാണങ്ങളില്‍ സരസ്വതി നദിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ നദി ഭൂമിയിലില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നദി ഒഴുകിയിരുന്നുവെങ്കിലും, ഒരു ശാപം കാരണം അത് വറ്റി എന്നാണ് ഐതിഹ്യം. ഇപ്പോള്‍ സരസ്വതി നദിയുടെ പേര് മാത്രമേ ഭൂമിയില്‍ അവശേഷിക്കുന്നുള്ളൂ.

സരസ്വതി നദിയുടെ ഉത്ഭവത്തെക്കുറിച്ച് പറയുമ്പോള്‍, രാജസ്ഥാനിലെ ആരവല്ലി പര്‍വതനിരയുടെ മധ്യത്തില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഇത് ഉത്തരാഖണ്ഡിലെ ബദരീനാഥിനടുത്തുള്ള അളകനന്ദ നദിയുടെ കൈവഴിയാണെന്ന് പറയപ്പെടുന്നു. റാന്‍ ഓഫ് കച്ചില്‍ ചേരുന്നതിന് മുമ്പ് ഈ നദി പാടാന്‍, സിദ്ധ്പൂര്‍ എന്നിവയിലൂടെ കടന്നുപോകുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നദി നിലനിന്നിരുന്നുവെന്നും അത് ഇപ്പോള്‍ വറ്റിപ്പോയെന്നും വിശ്വസിക്കപ്പെടുന്നു.സരസ്വതി നദിയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാം. പില്‍ക്കാലത്ത് വേദഗ്രന്ഥങ്ങളിലും ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് ഹിന്ദുമതസ്ഥര്‍ ആരാധിച്ചിരുന്ന ചുരുക്കം ചില നദികളില്‍ ഒന്നായിരുന്നു സരസ്വതി. ശാസ്ത്രീയപരമായി സംസാരിക്കുകയാണെങ്കില്‍, ഹാരപ്പന്‍ നാഗരികതയുടെ കാലത്ത് ഈ നദി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍, ഈ നാഗരികതയുടെ പല പ്രധാന ഭാഗങ്ങളും സരസ്വതി നദിയുടെ തീരത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

രാമായണത്തിലും മഹാഭാരതത്തിലും സരസ്വതി നദിയെക്കുറിച്ച് വിവരണമുണ്ട്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമാണ് പ്രയാഗ്. ഇവിടെ ഭൂമിയുടെ ഉള്ളിലൂടെ സരസ്വതി നദി ഒഴുകുന്നുവെന്ന് പറയപ്പെടുന്നു. പൗരാണിക നാഗരികതയിലെ ഏറ്റവും വലുതും പ്രധാനവുമായ നദിയായി സരസ്വതി കണക്കാക്കപ്പെടുന്നു. ഇന്നും ഈ നദി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ ഭൂമിക്കടിയിലൂടെ ഒഴുകുന്നതായി ഐഎസ്ആര്‍ഒ നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. വളരെ വലുതായിരുന്നു സരസ്വതി നദി. അത് പര്‍വതങ്ങളെ മറികടന്ന് സമതലങ്ങളിലൂടെ കടന്നുപോയി അറബിക്കടലില്‍ ലയിച്ചിരുന്നു. ഇതിന്റെ വിവരണം ഋഗ്വേദത്തില്‍ കാണാം. ഇന്ന് ആളുകള്‍ ഗംഗയെ ആരാധിക്കുന്നതുപോലെ, അക്കാലത്ത് ആളുകള്‍ സരസ്വതി നദിക്ക് പുണ്യനദീ സ്ഥാനം നല്‍കിയിരുന്നു.

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, സരസ്വതി നദി സരസ്വതി ദേവിയുടെ ഒരു രൂപമായിരുന്നു. അറിവിന്റെയും സംഗീതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ദേവതയായി സരസ്വതിയെ ഹിന്ദുക്കള്‍ ആരാധിക്കുന്നു. അതിനാല്‍ സരസ്വതി നദിക്കും വലിയ പ്രാധാന്യമുണ്ട്. ശിവന്റെയും പാര്‍വതി ദേവിയുടെയും മക്കളിലൊരാളായ കാര്‍ത്തികേയനെ സരസ്വതി നദിയുടെ തീരത്ത് ദേവസേനയുടെ സംരക്ഷകനായി നിയമിച്ചതായി പല സംസ്‌കൃത ഗ്രന്ഥങ്ങളും പരാമര്‍ശിക്കുന്നുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍, ഒരു ക്രൂരനായ അസുരനെ വധിച്ച പാപം തീര്‍ക്കാന്‍ സരസ്വതി നദിയില്‍ മുങ്ങിയിരുന്നുവെന്നും കഥയുണ്ട്.

ഒരിക്കല്‍ വേദവ്യാസന്‍ സരസ്വതി നദിയുടെ തീരത്തിരുന്ന് ഗണപതിയോട് മഹാഭാരത കഥ വിവരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മുനി സരസ്വി നദിയോട് പതുക്കെ ഒഴുകാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സരസ്വതി നദി മഹര്‍ഷിയുടെ വാക്ക് കേള്‍ക്കാതെ വേഗത്തില്‍ ഒഴുകിക്കൊണ്ടിരുന്നു. സരസ്വതി നദിയുടെ ഈ പെരുമാറ്റത്തില്‍ കുപിതനായ ഗണേശന്‍, സരസ്വതി നദിക്ക് വംശനാശം സംഭവിക്കുമെന്ന് ശപിച്ചു.ഹരിയാനയിലെ സിര്‍സ എന്ന പട്ടണത്തില്‍ എവിടെയോ വംശനാശം സംഭവിച്ച ഈ നദിയെക്കുറിച്ച് മഹാഭാരതത്തിലെ ചില ഭാഗങ്ങളില്‍ പരാമര്‍ശമുണ്ട്. ഭൂമിശാസ്ത്രപരമായ ചരിത്രവും പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകളും പറയുന്നത് രാജസ്ഥാന്‍ പണ്ടുകാലത്ത് ഒരു വരണ്ട പ്രദേശമായിരുന്നില്ല എന്നാണ്. ഒരു കാലത്ത് ഒരു വലിയ നദീതട സംസ്‌കാരത്തിന് ആതിഥേയത്വം വഹിച്ച പച്ചപ്പ് നിറഞ്ഞ പ്രദേശമായിരുന്നു രാജസ്ഥാന്‍. മൊഹന്‍ജദാരോ, ഹാരപ്പ തുടങ്ങിയ നാഗരിക സംസ്‌കാരങ്ങള്‍ ഈ പ്രദേശത്തിന് ചുറ്റിപ്പറ്റിയായിരുന്നു.

ഘഗര്‍ നദി ഋഗ്വേദകാലത്തെ സരസ്വതിയാണെന്ന് ഏതാനും ഗവേഷകര്‍ പഠനങ്ങളിലൂടെ നിഗമനം ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തി വരെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഗഗ്ഗറിന്റെ ഇരുവശങ്ങളിലും ഉപരിതലത്തില്‍ നിന്ന് 3-10 മീറ്റര്‍ താഴെയായി വെളുത്ത മൈക്ക പാളികള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഗംഗ, യമുന തുടങ്ങിയ ഹിമാലയന്‍ നദികളിലും ഇത്തരം വെളുത്ത മൈക്ക കാണപ്പെടുന്നുണ്ട്. ഘഗറിലെ മണലിലെ മൈക്ക സാമ്പിളുകളുടെ പ്രായം ഹിമാലയത്തിലെ പാറകളുടേതുമായി ഓവര്‍ലാപ്പ് ചെയ്യുന്നതായി ആര്‍ഗോണ്‍-ആര്‍ഗണ്‍ ഡേറ്റിംഗ് രീതിയിലൂടെ ഗവേഷകര്‍ കണ്ടെത്തി. അമേരിക്കന്‍ ഉപഗ്രഹമായ ലാന്‍ഡ്സാറ്റ് കണ്ടെത്തിയ ചില ചിത്രങ്ങളാണ് സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ നിലനിന്നിരുന്നുവെന്ന സാധ്യതയെക്കുറിച്ച് ഗവേഷകരെ ചിന്തിപ്പിച്ചത്. ജയ്സാല്‍മീര്‍ പ്രദേശത്ത് ഒരു വലിയ നദി ഒഴുകിയപോലുള്ള ചാലുകള്‍ ഭൂമിക്കടിയില്‍ കണ്ടെത്തി.

STORY HIGHLLIGHTS: why-saraswati-river-disappeared-know-the-mystery-behind-the-lost-river