വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീൻ, ഒന്നാന്തരം രുചിയിൽ
ചേരുവകൾ
1. കരിമീൻ 2 എണ്ണം
2. മുളക് പൊടി – 2 ടേബിൾ സ്പൂൺ
3. മഞ്ഞൾ പൊടി- 2 ടീസ്പൂൺ
4. മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
5. കുരുമുളക് പൊടി – 2 ടീസ്പൂൺ
6. നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
7. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾ സ്പൂൺ
8. വെളിച്ചെണ്ണ – 6 ടേബിൾ സ്പൂൺ
9. കശുവണ്ടി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
10. കട്ടിയുള്ള തേങ്ങാ പാൽ – 1 കപ്പ്
11. ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
12. സവാള അരിഞ്ഞത് – 1 കപ്പ്
13. തക്കാളി അരിഞ്ഞത് – 1 കപ്പ്
14. കറിവേപ്പില
15. ഉപ്പ് – ആവശ്യത്തിന്
16. വാഴയില
തയാറാക്കുന്ന വിധം
രണ്ട് ഇടത്തരം വലിപ്പമുള്ള കരിമീൻ നന്നായി വൃത്തിയാക്കിയ ശേഷം ഒരു കത്തി ഉപയോഗിച്ച് രണ്ടു വശങ്ങളും നന്നായി വരയുക. അതിനു ശേഷം മീനിലേക്ക് തേച്ചു പിടിപ്പിക്കാനുള്ള അരപ്പ് തയാറാക്കി എടുക്കാം. അതിനായിട്ട് ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക് പൊടി, അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര്, ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം മീനിൽ ഈ അരപ്പ് നന്നായി തേച്ചു പിടിപ്പിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക.
ഈ സമയം കൊണ്ട് മീനിലേക്കുള്ള മസാല തയാറാക്കി എടുക്കാം. ഒരു പാൻ ഇടത്തരം തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കുക. അതിനു ശേഷം 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ച മണം മാറുന്ന വരെ ഇളക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവച്ചിട്ടുള്ള അര കപ്പ് ചെറിയ ഉള്ളിയും ഒരു കപ്പ് സവാളയും കുറച്ച് ഉപ്പും ചേർത്ത് സവാള ചെറുതായി നിറം മാറുന്നത് വരെ ഇടവിട്ട് ഇളക്കുക. അതിനു ശേഷം തീ നന്നായി കുറച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും കൂടെ ചേർത്ത് നന്നായി പച്ച മണം മാറുന്നത് വരെ ഇളക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തക്കാളി ചെറുതാക്കി അരിഞ്ഞതും കൂടെ ചേർത്ത് നന്നായി വേവിക്കുക. തക്കാളി നാന്നായി ഉടച്ച് യോജിപ്പിക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ കശുവണ്ടി പേസ്റ്റും കൂടെ ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാ പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല ചെറുതായിട്ട് കട്ടി ആവുന്നവരെ ഇടവിട്ട് ഇളക്കുക. തേങ്ങാപ്പാൽ എല്ലാം ചെറുതായിട്ട് വഴറ്റിയിട്ട് മസാല ഒന്നു കട്ടിയാകുമ്പോൾ തീ ഓഫാക്കിയതിനു ശേഷം കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കുക.
ഒരു പാൻ ഇടത്തരം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മീൻ ചേർത്ത് കൊടുത്തിട്ട് 4 മിനിറ്റ് വേവിക്കുക. 4 മിനിറ്റിന് ശേഷം മീൻ ഒന്ന് തിരിച്ചിട്ട് വീണ്ടും 2 മിനിറ്റ് കൂടെ വേവിക്കുക. അതിനു ശേഷം തീ ഓഫാക്കി മീനിനെ വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
വാഴയിലയിൽ മീനും മസാലയും വച്ച് പൊള്ളിച്ചെടുക്കണം
ഒരു വാഴയില തീയിൽ വാട്ടിയതിനു ശേഷം അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള കുറച്ച് മസാല ഇട്ട് കൊടുത്ത് ചെറുതായിട്ട് ഒന്ന് നിരത്തിക്കൊടുക്കുക. എന്നിട്ട് അതിൻ്റെ മുകളിലായി ചെറുതായി വറുത്തു വച്ചിട്ടുള്ള മീൻ വച്ച് കൊടുത്ത ശേഷം മീനിന്റെ മുകളിലായി വീണ്ടും കുറച്ച് മസാല കൂടെ ഇട്ട് കൊടുത്ത് നന്നായി മീൻ പൊതിയുന്ന തരത്തിൽ നിരത്തുക. ശേഷം വാഴയിലയെ നാലു വശങ്ങളിൽ നിന്നും നന്നായി മടക്കി വാഴനാരു കൊണ്ട് വാഴയില തുറക്കാത്ത വിധത്തിൽ നന്നായി കെട്ടി വയ്ക്കുക.
ശേഷം ഒരു പാൻ അല്ലെങ്കിൽ ഒരു മൺചട്ടി ഇടത്തരം തീയിൽ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം തയാറാക്കി വച്ചിട്ടുള്ള വാഴയിലയിൽ പൊതിഞ്ഞ മീൻ ചേർത്ത് കൊടുത്ത് 5 മിനിറ്റ് വേവിക്കുക. 5 മിനിറ്റിന് ശേഷം തിരിച്ചിട്ട് വീണ്ടും 5 മിനിറ്റ് കൂടെ വേവിച്ചതിന് ശേഷം തീ ഓ ഫാക്കുക. ചെറുതായിട്ട് ചൂടാറിയതിനു ശേഷം വാഴയില തുറക്കാം.
content highlight: karimeen-pollichathu