ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപുതന്നെ ആംആദ്മി പാർട്ടി ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലാണു തിരഞ്ഞെടുപ്പ്. ആം ആദ്മി തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന സന്ദേശമാണ് ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ നൽകുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ രണ്ടുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ് എഎപി. ഏതുവിധേനയും തലസ്ഥാനം പിടിക്കുക എന്ന ബിജെപി ലക്ഷ്യത്തിനു തടയിടുകയാണ് എഎപിയുടെ ലക്ഷ്യം. ലോക്സഭ സീറ്റുകൾ കൈപ്പിടിയിലൊതുക്കുമ്പോഴും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംസ്ഥാനത്ത് ബിജെപി അധികാരത്തിനു പുറത്താണ്.
മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രിയായിരിക്കെ മനീഷ് സിസോദിയ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ആം ആദ്മിക്ക് ജനങ്ങൾക്കിടയിലെ വിശ്വാസം നശിച്ചില്ലെന്നാണ് സർവേകളിലൂടെ ബിജെപിക്ക് മനസിലായത്. അതേസമയം, മന്ത്രി കൈലാഷ് ഗെലോട്ട് ഉൾപ്പെടെയുള്ളവരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ചത് ബിജെപിയുടെ ആത്മവിശ്വാസ കുറവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2015 ൽ ആകെയുള്ള 70 ൽ 67 സീറ്റും 2020 ൽ 62 സീറ്റും നേടി അധികാരത്തിലെത്തിയ ആംആദ്മി പാർട്ടിക്ക് ഇക്കുറി മത്സരം കടുപ്പമാണ്. മദ്യനയ അഴിമതിക്കേസിൽ മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ളവർ ജയിലിലായതു പാർട്ടിക്കു തിരിച്ചടിയായിരുന്നു. മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന കൈലാഷ് ഗലോട്ട് ദിവസങ്ങൾ മുൻപാണു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.