Kerala

ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ; നെ‍ഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.

മൂന്നിടത്തും പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റായ ചേലക്കര നിലനിർത്താൻ കഴിയുമെന്നും പാലക്കാട്ട് നിലവിലെ മൂന്നാം സ്ഥാനത്തുനിന്നു മുന്നോട്ടു വരുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ്.

ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. പോളിങ് കുറഞ്ഞ വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.

ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി.കൃഷ്ണകുമാറിന്‍റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.