പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ നിർണായക അറസ്റ്റ്. ആരോപണവിധേയരായ മൂന്ന് സഹപാഠികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
ക്ലാസിലും ഹോസ്റ്റൽ മുറിയിലും ഈ മൂവർ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയത് മൂവർ സംഘം എതിർത്തിരുന്നു. സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു. അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച കൈമാറിയേക്കും.