വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2219 കോടി രൂപ ആവശ്യമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനയുടെ ബിൽ പ്രകാരമുള്ള തുക നൽകാൻ തീരുമാനിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ, ഇതിൻ്റെ 50 ശതമാനം സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി അഡ്‌ജസ്റ്റ് ചെയ്യും. വ്യോമസേന വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു, ഇതിന് സേന നൽകിയ ബിൽ സെറ്റിൽ ചെയ്യും. അവശിഷ്‌ടങ്ങൾ നിക്കം ചെയ്യാൻ വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ചിരുന്നു. അതിന് വേണ്ടിവന്ന ചെലവും കൊടുക്കാനായി തീരുമാനിച്ചു. ഈ മൂന്ന് കാര്യങ്ങൾക്ക് ഫണ്ട് റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
കേരളത്തിന്റെ ഈ ആവശ്യം കേന്ദ്രസർക്കാറിൻ്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനൊപ്പം കേന്ദ്രസർക്കാർ സംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനേത്തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. വയനാട് ദുരന്തത്തിൻ്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെൻ്റ് റിപ്പോർട്ട് ഈ മാസം 13-നാണ് സംസ്ഥാനസർക്കാർ വിശദമായ സമർപ്പിച്ചത്. ഈ റിപ്പോർട്ടിലാണ് 2219 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. 2219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിപ്പോർട്ട് പരിഗണനയിലാണെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.