സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷമായ ഒത്തുചേരലിന് അവസരമൊരുക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പിന് നവംബര്‍ 22 ന് തുടക്കമാകും. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇന്‍ഡി മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവെല്‍ കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നവംബര്‍ 24 വരെയാണ് നടക്കുക.
മൂന്ന് ദിവസത്തില്‍ 6 രാജ്യങ്ങളില്‍ നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളുടെ പ്രകടനം മേളയില്‍ ഉണ്ടായിരിക്കുമെന്ന് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈവ് മ്യൂസിക്ക്, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഓണ്‍സൈറ്റ് ക്യാമ്പിംഗ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയാണ് ഫെസ്റ്റിവെലിലെ ശ്രദ്ധേയ വിഭാഗങ്ങള്‍. 15 വര്‍ക്ക്ഷോപ്പുകളാണ് ഫെസ്റ്റിവെലില്‍ നടക്കുക.
മാര്‍ടൈര്‍ (നെതര്‍ലാന്റ്സ്), ലേസി ഫിഫ്റ്റി (ന്യൂസിലാന്റ്), കോള്‍ഡ് ഡ്രോപ്പ് (ഡെന്‍മാര്‍ക്ക്), ആഫ്രോഡെലിക് (ലിത്വാനിയ), ഡീര്‍എംഎക്സ് (മെക്സിക്കോ), ദി യെല്ലോഡയറി, പരിക്രമ, തബാചാക്കെ, അസല്‍കൊലാര്‍, വൈല്‍ഡ്‌വൈല്‍ഡ്‌വുമണ്‍, 43 മൈല്‍സ്, കുലം, പ്രാര്‍ത്ഥന, ഗബ്രി, ഡ്യുയലിസ്റ്റ് എന്‍ക്വയറി, സ്ട്രീറ്റ് അക്കാദമിക്സ്, ഡിഐവൈ ഡിസ്‌റപ്ഷന്‍ തുടങ്ങി 17 ബാന്‍ഡുകളും പ്രതിഭാധനരായ കലാകാരന്‍മാരും അണിനിരക്കുന്നു. വിവിധ ഭാഷകളില്‍ മെറ്റല്‍, ഹാര്‍ഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം തുടങ്ങി സംഗീത പ്രേമികളുടെ ഏത് അഭിരുചിയേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ബാന്‍ഡുകളാണ് മേളയില്‍ അവതരണവുമായി എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കാണ് ബാന്‍ഡ് അവതരണങ്ങള്‍ ആരംഭിക്കുക.
22 ന് ഡെന്‍മാര്‍ക്ക്, മെക്സിക്കന്‍ ബാന്‍ഡുകളുടെയും 23 ന് നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ് ബാന്‍ഡുകളുടെയും സമാപന ദിവസമായ 24 ന് ലിത്വാനിയയില്‍ നിന്നുള്ള ബാന്‍ഡിന്റെയും അവതരണങ്ങള്‍ നടക്കും. മികച്ച ബാന്‍ഡുകള്‍, ആര്‍ട്ട് ആന്‍ഡ് ഡെക്കോര്‍, സൗണ്ട്‌സിസ്റ്റം, ലൈറ്റിങ്, എന്നിവയെല്ലാംതന്നെ മികവുറ്റതാക്കി സംഘാടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മേളയാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവല്‍.
തുടര്‍ച്ചയായി രണ്ട് പതിപ്പുകള്‍വിജയകരമായി പൂര്‍ത്തിയാക്കിയ അനുഭവസമ്പത്തുമായാണ് ഈ വര്‍ഷം ഐഐഎംഎഫ് ഒരു സംഗീതോത്സവം എന്നതിലുപരി കലാപ്രേമികള്‍ക്ക് ഒറ്റ മനസ്സോടെ ഏറ്റെടുക്കാന്‍ കഴിയുന്ന സാംസ്‌കാരിക അനുഭവമായി പുതുമയോടെ അവതരിപ്പിക്കാന്‍ ക്രാഫ്റ്റ് വില്ലേജ് തീരുമാനിച്ചതെന്ന് ടി.യു ശ്രീപ്രസാദ് പറഞ്ഞു. ഫെസ്റ്റിവെലിന്റെ ഭാഗമായി ആഭരണ നിര്‍മാണം, മണ്‍പാത്ര നിര്‍മ്മാണം, ഹാന്‍ഡ് ലൂം, കളരിപ്പയറ്റ്, ബീച്ച്‌യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പര്യവേഷണം ചെയ്യുന്നതിനായി ഇന്‍ഡി സംഗീതത്തിനും ശില്പശാലകള്‍ക്കുമൊപ്പം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദര്‍ശനവും പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ലേസി ഇന്‍ഡി പ്രതിനിധി മനോജ് കുമാറും പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് നവംബര്‍ 21 രാത്രിമുതല്‍ 25 വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസില്‍ ഓണ്‍സൈറ്റ് ക്യാമ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിലായിരിക്കും ക്യാമ്പിങ്. സംഗീത – കലാപ്രേമികള്‍ക്കിടയില്‍ കമ്യൂണിറ്റി അനുഭവം രൂപപ്പെടുത്തുന്നതിന് ക്യാമ്പിങ് വഴിയൊരുക്കും.
കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎല്‍സിസിഎസ്) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരളആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങള്‍ക്ക് പുറമെ, സാഹിത്യ-ചലച്ചിത്ര മേളകള്‍, കലാ പ്രദര്‍ശനങ്ങള്‍, ഡിസൈന്‍ ശില്‍പശാലകള്‍, മ്യൂസിക്‌ഷോകള്‍, ഹാക്കത്തോണുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, ഫ്ലീമാര്‍ക്കറ്റുകള്‍ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ആഗോളസാംസ്‌കാരികവിനിമയ കേന്ദ്രം കൂടിയാണ് കേരളആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്.
ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ ഒരുമിച്ചു ചേര്‍ത്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലേസി ഇന്‍ഡി മാഗസിന്‍ സ്ഥാപകര്‍ രൂപീകരിച്ച അന്താരാഷ്ട്ര സംഗീത കൂട്ടായ്മയും ക്രാഫ്റ്റ് വില്ലേജും സഹകരിച്ചുകൊണ്ടാണ് സംഗീതമേള ഒരുക്കുന്നത്. ലേസി ഇന്‍ഡി മാഗസിന്‍ 40 ലധികം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് 100ഓളം രാജ്യങ്ങളില്‍ പ്രചാരവും അംഗീകാരവും നേടിമുന്നേറുന്ന കൂട്ടായ്മയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: instagram @iimf_2024, https://iimf.kacvkovalam.com എന്നിവ സന്ദര്‍ശിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://bit.ly/4eZRuLE/ എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യവുന്നതാണ്.