India

ശ്വാസം മുട്ടി ദില്ലി; വായൂ മലിനീകരണം രാജ്യതലസ്ഥാനത്ത് ജനജീവിതം ദുസഹമാക്കുന്നു

രാജ്യതലസ്ഥാനമടക്കം പല ഉത്തരേന്ത്യൻ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സ്ഥിതി,രൂക്ഷമായ വായുമലിനീകരണത്തിനിടെ തണുപ്പുകാലവും എത്തിയതോടെ ശ്വാസകോശരോഗികൾക്ക് ദുരിതഭൂമിയായി ഡൽഹി. കണ്ണുനീറ്റലും ചുമയും ശ്വാസംമുട്ടലും പനിയും ഡൽഹിയിൽ പടരുകയാണ്.

 

അനുവദനീയമായ പരിധിക്കും 60 ശതമാനത്തിലധികമാണ് ഡൽഹിയിലെ പുകമഞ്ഞിന്റെ സാന്നിധ്യം. ഒരു ഘനമീറ്റർ വായുവിൽ 900 മൈക്രോഗ്രാമായിരുന്നു തിങ്കളാഴ്ച അതിസൂക്ഷ്മപൊടിപടലത്തിന്റെ തോത്. ഇത് അനുവദനീയമായ പരിധിയെക്കാൾ 65 മടങ്ങ് അധികമാണ്. ഇവ ശ്വാസകോശത്തിലൂടെ രക്തത്തിലെത്തുന്നത് അർബുദം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

 

പുകമഞ്ഞ് ഡൽഹിയിലെ ഗതാഗതസംവിധാനങ്ങളെയും താറുമാറാക്കി. മലിനീകരണ നിയന്ത്രണത്തിനുള്ള കർമപദ്ധതിയുടെ നാലാംഘട്ടം ഞായറാഴ്ച ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി 10, 12 ഒഴികെയുള്ള ക്ലാസുകൾ ഇനിയൊരറിയിപ്പുണ്ടാകുംവരെ ഓൺലൈനാക്കി.

 

ഡൽഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതരമായ സാഹചര്യത്തിൽ കേന്ദ്രത്തെ പഴിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി. പാടം കത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്നും ഇത് പ്രശ്നം ഗുരുതരമാക്കിയതായും അവർ പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാടത്തുതീയിടുന്നതു തടയാൻ അതത് സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചില്ല. എ.എ.പി. ഭരിക്കുന്ന പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ 80 ശതമാനത്തോളം കുറഞ്ഞെന്നും അതിഷി അവകാശപ്പെട്ടു.