നാട്ടാന പരിപാലന ചട്ടങ്ങളിലെ ഭേദഗതിയെ വിമർശിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ചട്ടത്തിലെ അശാസ്ത്രീയതയും ഇത് എത്രത്തോളം പ്രായോഗികമാണെന്നും പരിശോധിക്കണമെന്നാണ് മന്ത്രി പറയുന്നത്. നാട്ടാന പരിപാലന ചട്ടങ്ങളിലെ ഭേദഗതിക്കു മുന്നോടിയായി സംസ്ഥാന വനം വകുപ്പ് തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് ആന ഉടമകള്‍ക്കായി സംഘടിപ്പിച്ച കൂട്ടായ്‌മയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ആനയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നവരുടെ അഭിപ്രായങ്ങൾ ആദ്യം തേടണമെന്നും കരടിൽ പറയുന്ന ചില ചട്ടങ്ങൾ പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആന പരിപാലനത്തെക്കുറിച്ച് ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, 2012-ലെ ചട്ടങ്ങള്‍, സുപ്രീംകോടതിയുടെ 2015 ആഗസ്ത് 18-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, ഇതിന് പുറമെ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു നിർദേശങ്ങൾ. ഉത്സവങ്ങൾ പരമ്പരാഗത രീതിയിൽ നടത്തുന്നതിന് ഒപ്പം തന്നെ ജനങ്ങളുടെയും ആനകളുടെയും സുരക്ഷ കണിക്കിലെടുത്തായിരുന്നു ഹൈക്കോടതി ഇടപെടൽ. ഇതിന്റെ ഭാഗമായാണ് കരട് നാട്ടാനപരിപാലന ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റുബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചത്.
ഉത്തരവ് പ്രകാരം ആനകൾ തമ്മിൽ 10 മീറ്റർ ദൂരം വേണം എന്നുണ്ടായിരുന്നു. എന്നാൽ ഇത് അപ്രായോഗികം ആണെന്നാണ് മന്ത്രി ഗണേഷ് കുമാർ പറയുന്നത്. ആനയുടെ തലയും തലയും തമ്മിലാണോ വയറും വയറും തമ്മിലാണോ ഈ അകലം കണക്കിലാക്കുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. ഈ ചട്ട പ്രകാരം പൂരത്തിന് മൂന്ന് ആനകളെ മാത്രമേ നിര്‍ത്താന്‍ കഴിയു. ഇത്തരത്തില്‍ അപ്രായോഗികമായി ഇതിനെ സമീപിക്കാന്‍ പാടില്ല. പ്രയോഗികമല്ലെങ്കില്‍ ജനം നിയമം ലംഘിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 2014ലെ ചട്ടമാണ് നിലവിലുള്ളതെന്നും നാട്ടാന പരിപാലന ചട്ടത്തില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വേണമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രോത്സവങ്ങൾക്ക് ഉപയോഗിക്കുന്ന ആനകൾക്കു സുരക്ഷ ഉറപ്പുവരുത്തണം. മതിയായ വെറ്ററിനറി ഡോക്ടർമാർ ഇല്ലാത്തതും വെല്ലുവിളിയാണെന്നും മന്ത്രി പരാമർശിച്ചു. നാട്ടാന പരിപാലന ശില്പശാല വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.