News

‘ഓണ്‍’ ആകാത്ത ഹരിവരാസനം റേഡിയോ: പിന്നില്‍ കള്ളക്കളിയോ ?; അനുമതിയില്ലാതെ റേഡിയോ തുടങ്ങിയതാര് ?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച റേഡിയോ ഹരിവരാസനം പദ്ധതി ഉപേക്ഷിച്ചു. റേഡിയോ നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഏഴു മാധ്യമസ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. ഒക്ടോബര്‍ 28 നാണ് മുദ്രവച്ച ബിഡുകള്‍ തുറന്നത്. ഓരോ സ്ഥാപനവും ബിഡില്‍ കാണിച്ച തുക എല്ലാവരുടെയും മുന്നില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം അറിയിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിക്കുകയും ചെയ്തു.

യാതൊരു വിവരവും അറിയിക്കാത്തതിനെത്തുടര്‍ന്ന് ബിഡില്‍ പങ്കെടുത്ത പ്രവാസി ഭാരതി പ്രൈവറ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കിന്റെ അധികൃതര്‍ നവംബര്‍ മൂന്നിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് ഇ മെയില്‍ അയച്ചെങ്കിലും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അതിനു മറുപടി നല്‍കിയില്ല. പ്രവാസി ഭാരതിയുടെ പ്രതിനിധി ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നേരിട്ടെത്തി ഇ മെയിലിനു ഒരു മറുപടി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ദേവസ്വം ബോര്‍ഡ് അധികൃതര്‍ നിസംഗത പാലിച്ചു. നവംബര്‍ ഏഴിന് വീണ്ടും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് റിമൈന്‍ഡര്‍ അയയ്ക്കുകയും മെയിലിന്റെ കോപ്പി ദേവസ്വം ബോര്‍ഡ് പ്രസിണ്ടന്റ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ദേവസ്വം മന്ത്രി എന്നിവര്‍ക്ക് കൂടി അയയ്ക്കുകയും ചെയ്തു.

എന്നിട്ടും ആര്‍ക്കാണ് റേഡിയോ നടത്താന്‍ അനുമതി നല്‍കിയത് എന്നതിനെക്കുറിച്ച് ഒരു മറുപടി നല്‍കുകയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയോ ചെയ്തില്ല. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നവംബര്‍ 14 നു റേഡിയോ ഹരിവരാസനം പ്രക്ഷേപണം ആരംഭിക്കുകയും ഇതിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്‌ളേ സ്റ്റോറില്‍ ലഭ്യമാവുകയും ചെയ്തു. റേഡിയോ ഹരിവരാസനത്തിനു വേണ്ടിയുള്ള പുതിയ വെബ്സൈറ്റില്‍ ഇത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള റേഡിയോ ആണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ റേഡിയോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് വെബ്സൈറ്റില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ പേര് നീക്കം ചെയ്യുകയും റേഡിയോ ആപ്പ്, പ്‌ളേ സ്റ്റോറില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഇരുപതു ലക്ഷം രൂപ ഇന്‍സ്റ്റലേഷന്‍ ഫീസായും പ്രതിമാസം അഞ്ചുലക്ഷം രൂപ പ്രവര്‍ത്തന തുകയായും ആവശ്യപ്പെട്ട സ്ഥാപനമാണ് ഈ റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. ദേവസ്വം ബോര്‍ഡ് അധികൃതരുടെ അനുമതിയില്ലാതെയും ലേലത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ഇത് സംബന്ധിച്ച് ഒന്നുമറിയിക്കാതെയും പ്രക്ഷേപണം ആരംഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജ് ഒന്നുമില്ലാതെ സൗജന്യ മൊബൈല്‍ ആപ്പും പ്രതിമാസം അഞ്ചു ലക്ഷത്തി നാല്പതിനായിരം രൂപ പ്രവര്‍ത്തന ഫീസും ആവശ്യപ്പെട്ട പ്രവാസി ഭാരതി പ്രൈവറ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കിന്റേതാണ് ഏറ്റവും കുറഞ്ഞ തുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിഡില്‍ പങ്കെടുത്തവരെ ലേലത്തിന്റെ അന്തിമ തീരുമാനം അറിയിയ്ക്കാതെയും അവര്‍ അയച്ച ഇ മെയിലുകള്‍ക്ക് മറുപടി നല്‍കാതെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളിക്കുന്നതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്.

CONTENT HIGHLIGHTS; Harivarasanam Radio Not ‘On’: Cheating Behind?; Who started radio without permission?