ഇന്ത്യയിലെ വ്യവസായ പാര്‍ക്കുകളിലെ ശുചിത്വവും മാലിന്യപരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (എഫ്‌ഐസിസിഐ) ഏര്‍പ്പെടുത്തിയ സ്വച്ഛ് ഇന്‍ഡസ്ട്രി പാര്‍ക്ക് പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം കിന്‍ഫ്ര പാര്‍ക്കുകള്‍ കരസ്ഥമാക്കി. എന്‍വയോണ്‍മെന്റ് സസ്‌റ്റെയ്‌നബിലിറ്റി ചാംപ്യന്‍സ് വിഭാഗത്തില്‍ പാലക്കാട് ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റയില്‍ പാര്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ചാംപ്യന്‍സ് വിഭാഗത്തില്‍ കളമശ്ശേരി ഹൈടെക് പാര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നേടിയത്. കേരളത്തിന്റെ വ്യവസായമേഖലയിലെ കുതിച്ചുചാട്ടത്തിനൊപ്പം വ്യാവസായിക പാര്‍ക്കുകളില്‍ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അതീവശ്രദ്ധ ചെലുത്തുന്നതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങളെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യാവസായിക മേഖലകളില്‍ ശുചിത്വവും മികച്ച മാലിന്യസംസ്‌കരണ രീതികളും ഹരിതപെരുമാറ്റച്ചട്ടങ്ങളും പരിപോഷിപ്പിക്കുന്നതിനാണ് എഫ്‌ഐസിസിഐ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരുകളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ ഉടമസ്ഥതയിലുള്ള, കുറഞ്ഞത് 100 ഏക്കര്‍ ഭൂവിസ്തൃതിയും 50% ഒക്യുപ്പെന്‍സിയുമുള്ള പാര്‍ക്കുകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ആകെ 137 പാര്‍ക്കുകളാണ് മല്‍സരത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. എഫ്‌ഐസിസിഐയുടെ മൂല്യനിര്‍ണ്ണയ സംഘം പാര്‍ക്കുകള്‍ നേരിട്ട് പരിശോധിച്ച് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്.
എഫ്‌ഐസിസിഐയുടെ 97ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വ്യാവസായിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം പാര്‍ക്കുകളുടെ പരിപാലനത്തിലും മറ്റു ഘടകങ്ങളിലും കേരളം പുലര്‍ത്തുന്ന ശ്രദ്ധയെ മന്ത്രി പീയൂഷ് ഗോയല്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉള്‍പ്പെടെ ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.