ഭരണഘടനാ അധിക്ഷേപ പ്രസംഗക്കേസിൽ മന്ത്രി സജി ചെറിയാനെയും സിപിഎമ്മിനെയും വിമർശിക്കുകയാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സജി ചെറിയാനെ ഇനിയും സംരക്ഷിച്ചാൽ സിപിഎം വഷളാകുമെന്നും ധാർമികത എന്ന വാക്കിനോട് സിപിഎം വിടപടഞ്ഞു എന്നതാണ് ഇതിലൂടെ തെളിയുന്നതെന്നും മുരളീധരൻ പറയുന്നു. 2022ൽ സജി ചെറിയാൻ രാജിവെച്ചതിനേക്കാൾ മോശം സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. പോലീസ് റിപ്പോർട്ടിലൂടെ ക്ലീൻ ചിറ്റ് നൽകിയാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തത്. ഇപ്പോൾ അതേ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നു. ഇത് ഗുരുതരമായ കാര്യമാണ്. സജി ചെറിയാൻ സ്ഥാനത്ത് തുടർന്നാൽ ഇനി നടക്കുന്ന അന്വേഷണത്തെയും സ്വാധീനിച്ചേക്കുമെന്ന ആശങ്കയും മുരളീധരൻ കൂട്ടിച്ചേർത്തു. കോടതി ഇനിയും ഒരിക്കൽ കൂടി ഈ വിഷയത്തിൽ ഇടപെടേണ്ടി വന്നാൽ സജി ചെറിയാന്റെ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനം കൂടി നഷ്ടമാകും. ഭരണഘടന തൊട്ട് സത്യം ചെയ്ത വ്യക്തിയാണ് അതിനെ അധിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജിവെച്ചാൽ മാന്യമായി സജി ചെറിയാന് പുറത്തിറങ്ങാം. ഇല്ലെങ്കിൽ നാണം കെട്ട് പോകേണ്ടി വരും എന്നും മുരളീധരൻ വിമർശിച്ചു.
ബ്രിട്ടീഷുകാർ പോകുമ്പോൾ എഴുതിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാർ ഒപ്പിട്ടുവാങ്ങി എന്ന് സജി ചെറിയാൻ പറഞ്ഞു, ഇത് ഭരണഘടനാ അധിക്ഷേപം മാത്രമല്ല രാജ്യദ്രോഹം കൂടിയാണെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. കീഴ്ക്കോടതി വിധി വന്നപ്പോഴേക്കും അധികാരത്തിലേക്ക് തിരിച്ച് കയറരുതായിരുന്നു. മാന്യമായി രാജിവെക്കാനുള്ള സന്ദർഭമാണ് ഇപ്പോഴുള്ളത്. അത് വിനിയോഗിക്കാൻ ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ മോശപ്പെട്ട സ്ഥിതിയിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വിട്ട് പോകേണ്ടി വരുമെന്നും കെ.മുരളീധരൻ ഓർമിപ്പിച്ചു.
ഭരണഘടനാ അധിക്ഷേപ പ്രസംഗക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള അഭിഭാഷകൻ ബൈജു എം.നോയലിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പോലീസിന് വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി ആദ്യത്തെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കും കേസിൽ ഇനി പുനരന്വേഷണം നടത്തുക.