Sports

സന്തോഷ് ട്രോഫി; ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളം – santosh trophy kerala wins second match

10 ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ തോൽപ്പിച്ചത്

സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം. എതിരില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. കേരളത്തിനായി പകരക്കാരനായി ഇറങ്ങിയ ഇ.സജീഷ് ഹാട്രിക് നേടി. ആദ്യപകുതിയിലും കേരളം 4–0ന് മുന്നിലായിരുന്നു.

മത്സരത്തിൽ മുഹമ്മദ് അജ്സൽ, ഗനി അഹമ്മദ് നിഗം എന്നിവർ ഇരട്ടഗോളും കണ്ടെത്തി. നസീബ് റഹ്മാൻ, വി. അർജുൻ, മുഷറാഖ് എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഇന്നു രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് പോണ്ടിച്ചേരിയെ 10–1ന് തോൽപ്പിച്ചിരുന്നു.

ബിഹാറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് ജേതാക്കളായി ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കടന്നു. ജയ്പുരിൽ നടന്ന മത്സരത്തിൽ ദാദ്ര നാഗർ ഹവേലിയെ 4–0നു തകർത്ത രാജസ്ഥാൻ ഐ ഗ്രൂപ്പിൽ നിന്ന് ഫൈനൽസ് ഉറപ്പിച്ചു. അമൃത്‌സറിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒഡീഷ 6–1ന് മധ്യപ്രദേശിനെ തകർത്തു. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.

STORY HIGHLIGHT: santosh trophy kerala wins second match