പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ ഉറങ്ങുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നോക്കേത്താ ദൂരത്തോളം ഉയരത്തു നിന്ന് നുരഞ്ഞുപതഞ്ഞ് താഴേക്ക് വീഴുന്ന ജലപാതമാണ് തുഷാരഗിരി എന്ന പേരിനെ അന്വർഥമാക്കുന്നത്. മഴവിൽച്ചാട്ടം, തുമ്പിതുള്ളും പാറ, ഇരട്ടമുക്ക് എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും കാണാനായി അടുത്തെത്താനുള്ള യാത്ര അൽപം സാഹസികത നിറഞ്ഞതാണ്. വെള്ളരിമലയിൽ നിന്ന് ഉത്ഭവിച്ച് ഇരുവഴിഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. തുഷാരഗിരി റോഡിൽ നിന്ന് നൂറുമീറ്ററോളം ഉള്ളിലാണ് ഇക്കോ ടൂറിസം സെന്ററിന്റെ പ്രധാന ഗേറ്റ്. ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശന ഫീസ് ഉണ്ട്. മരങ്ങളും വള്ളികളും തണലും നിറഞ്ഞ ഒരു കുഞ്ഞ് കാടുകടന്ന് മുന്നോട്ടു പക്ഷികളുടെയും വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും പക്ഷികളുടെ ശബ്ദവും ചീവീടുകളെ കരച്ചിലും എല്ലാം നമുക്ക് കേട്ടറിയാം. എപ്പോഴും തണുപ്പുള്ള തുഷാരഗിരിയിലെ വെള്ളം മനസിനു ശരീരത്തിനും ഒരുപോലെ കുളിർമ നൽകും.
സാഹസം നിറച്ച് മലയും കുന്നും കയറിയുള്ള യാത്ര ഏതൊരു സഞ്ചാരിയിലും ഉല്ലാസം നിറയ്ക്കും. തുഷാരഗിരി വെള്ളച്ചാട്ടം കാണാനെത്തുന്നവരിൽ കൗതുകം നിറയ്ക്കുന്ന മറ്റൊരു കാഴ്ചയാണ് അഞ്ഞൂറോളം വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി വൃക്ഷം. എല്ലാ ആഘോഷ സീസണുകളിലും അവധിക്കാലത്തും വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻ തിരക്കാണ്. പ്രവേശന ഫീസിൽ നിന്ന് മാത്രം വലിയ തുകയും ലഭിക്കാറുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിലുള്ള തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ എത്താൻ ബസ് സർവീസിന് കാത്തു നിൽക്കാതിരിക്കുന്നതായിരിക്കും നല്ലത്. പൊതുവിൽ തുഷാരഗിരിയിലേക്കുള്ള ബസുകൾ കുറവാണ്. കോഴിക്കോട് നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരം ഒന്നാം വളവ് ചിപ്പിലത്തോട് വഴി തുഷാരഗിരിയിൽ എത്താം. അടിവാരത്ത് നിന്ന് നൂറാംതോട് വഴിയും താമരശ്ശേരിയിൽ നിന്ന് കോടഞ്ചേരി വഴി യാത്ര ചെയ്തും ഇവിടെ എത്താം.