Kerala

പ്രതിശീര്‍ഷവരുമാന അസമത്വം കേന്ദ്രവിഹിതത്തിനു തടസമാകരുതെന്ന് കെപിസിസി

പ്രതിശീര്‍ഷ വരുമാന അസമത്വവും ജനസംഖ്യാ വര്‍ധനവ് തടഞ്ഞതും കേന്ദ്രനികുതി വിഹിതം ലഭിക്കുന്നതിന് തടസമാകരുതെന്നും മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും കെപിസിസി. 16ാം കേന്ദ്രധനകാര്യ കമ്മീഷനു നല്‍കേണ്ട മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങളെ സംബന്ധിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ സംക്ഷിപ്തമായി ജനറല്‍ സെക്രട്ടറി എം. ലിജു രേഖപ്പെടുത്തി. ഡിസംബര്‍ പത്തിന് ധനകാര്യ കമ്മീഷന്‍ നടത്തുന്ന സിറ്റിങ്ങില്‍ കെപിസിസി വിശദമായ മെമ്മോറാണ്ടം നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തയ്യാറാക്കി കെപിസിസിക്ക് നല്‍കിയ കരട് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയില്‍ പ്രാഥമിക അഭിപ്രായങ്ങള്‍ പറഞ്ഞത്.

കേരളത്തില്‍ ജനസംഖ്യ കുറവും പ്രതിശീര്‍ഷ വരുമാനം കൂടുതലും ആയതിനാല്‍ ആകെ വരുമാനം കുറവാണെങ്കിലും കേന്ദ്രമാനദണ്ഡം കേരളത്തിനു തിരിച്ചടിയാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം ദേശീയതലത്തില്‍ ആറാമതാണ്. പ്രതിശീര്‍ഷ വരുമാന അസമത്വത്തിന് 40% വെയിറ്റേജ് നല്കിയാണ് 15ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ ധനസഹായത്തിന് ശുപാര്‍ശ ചെയ്തത്. ഇതു യഥാര്‍ത്ഥ മാനദണ്ഡമല്ലാത്തതിനാല്‍ വെയിറ്റേജ് 10% ആക്കി കുറയ്ക്കണം. മൊത്തം ആഭ്യന്തര ഉല്പാദനത്തെ മാനദണ്ഡമാക്കാതെ തനത് നികുതി പിരിവ്, റവന്യൂ ചെലവ് തുടങ്ങിയവയും പരിഗണിക്കണം. സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ നല്കുന്ന നികുതി വിഹിതം 42ല്‍ നിന്ന് 50 ശതമാനമാക്കണം. 14ാം ധനകാര്യകമ്മീഷന്‍ വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയാണ് കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കിയത്. 15ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസ് മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. യഥാര്‍ത്ഥത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുകയാണ് വേണ്ടതെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ റവന്യൂ ചെലവ് കൂടുതലാണെങ്കിലും അവ ഉല്പാദന വരുമാന ചെലവ് ആണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അതുകൂടി പരിഗണിച്ച് സംസ്ഥാനത്തിനുള്ള വിഹിതം വര്‍ധിപ്പിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ഗ്രാന്റും വര്‍ധിപ്പിക്കണം.

കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്ന സെസും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വീതം വയ്ക്കാറില്ല. കേന്ദ്രത്തിനു ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 23% ഈ ഇനത്തിലുള്ളതാണ്. ഇതു സംസ്ഥാനങ്ങളുമായി പങ്കവയ്ക്കാന്‍ കേന്ദ്രം തയാറാകണമെന്നും കെപിസിസി ആവശ്യപ്പെട്ടു.